പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ കലയനാടിന് സമീപം കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് നിസാര പരിക്കേറ്റു. കാർ ഡ്രൈവർ തിരുനെൽവേലി സ്വദേശി മാരിമുത്തുവിനും(53) മറ്റൊരു കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വൈക്കത്ത് നിന്ന് തിരുനെൽവേലിയിലേക്ക് പോയ ഹോണ്ട സിറ്റി കാർ ആണ് അപകടത്തിൽപെട്ടത്. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ
ഇറക്കം ഇറങ്ങി വന്ന കാർ നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ പടിയിൽ ഇടിച്ചശേഷം ഓടയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ ഒരു ഭാഗമാണ് ഓടയിൽ അകപ്പെട്ടത്.