photo
പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കുമ്മല്ലൂർ തോണിക്കടവ് റോഡ്

ചാത്തന്നൂർ: കുമ്മല്ലൂർ തോണിക്കടവ് റോഡിലൂടെയുള്ള യാത്രയെക്കുറിച്ച് ഓർക്കുന്നത് തന്നെ നാട്ടുകാർക്ക് പേടിസ്വപ്നമായിരിക്കുകയാണ്. ടോറസ് ലോറികൾ ലോഡുമായി കയറി ഇറങ്ങി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് ഈ റോഡ്. ഇതുവഴിയുള്ള ഇരുചക്ര വാഹനയാത്ര പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.

ആദിച്ചനല്ലൂർ പഞ്ചായത്തിൽ കുമ്മല്ലൂർ പാലത്തിന് സമീപത്ത് നിന്ന് ഒായൂർ-ആയൂർ റോഡിലെ കുമ്മല്ലൂർ ജംഗ്ഷനിലേക്ക് കയറുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇതുവരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.റോഡ് തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ''ലോറി, ടിപ്പർ, ബസ് തുടങ്ങിയ ഹെവി വാഹനങ്ങൾ ഈ ഗ്രാമ പഞ്ചായത്ത് റോഡിൽ നിരോധിച്ചിരിക്കുന്നു'' എന്ന ബോർഡ് മാത്രമാണ് ഇപ്പോഴുള്ളത്.

ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചേരുന്നതിനുളള ഏറ്റവും എളുപ്പ മാർഗമാണിത്. ചാത്തന്നൂരിൽ നിന്ന് നെടുമൺകാവിലേക്കും, ഏഴുകോണിലേക്കും എളുപ്പ മാർഗമായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കുമ്മല്ലൂർ ജംഗ്ഷനിൽ നിന്ന് ഏലായ്ക്ക് സമീപം വരെയുളള റോഡ് ടാർ ചെയ്തെങ്കിലും ബാക്കിയുളള ഭാഗം പൂർണ്ണമായും തകർന്ന് കിടക്കുകയാണ്.

ഇത്തിക്കര ആറിന് സമീപമുളള റോഡായതിനാൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. ശാസ്ത്രീയമായ രീതിയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാതെയാണ് മുൻകാലങ്ങളിൽ റോ‌ഡിന്റെ ടാറിംഗ് പണികൾ നടത്തിയിരുന്നത്. ഇനിയും ഇത്തരത്തിൽ നിർമ്മാണം നടത്തിയാൽ വീണ്ടും റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയുണ്ടാകും. പഞ്ചായത്ത് അധികൃതർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.