photo
ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി കല്ലടയാറിന് തീരത്തായി പുത്തൂർ ഞാങ്കടവിൽ നിർമ്മിച്ച കിണർ

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കുവേണ്ടി കല്ലടയാറിന്റെ തീരത്ത് കിണർ കുഴിച്ചുതീർന്നു. ഇനി മുകളിലേക്കുള്ള നിർമ്മാണ ജോലികളാണ് ശേഷിക്കുന്നത്. മഴക്കാലമെത്തും മുമ്പ് കിണർ കുഴിച്ച് തീർക്കണമെന്ന തീരുമാനം നടപ്പാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. പുത്തൂർ ഞാങ്കടവ് പാലത്തിന് സമീപത്തായാണ് 12 മീറ്റർ വ്യാസത്തിൽ 11.40 മീറ്റർ താഴ്ചയുള്ള കിണർ കുഴിച്ചത്. 2.6 കോടി രൂപയാണ് കിണർ നിർമ്മാണത്തിന് വേണ്ടി അനുവദിച്ചത്. തറ നിരപ്പിൽ നിന്നും മുകളിലേക്കുള്ള നിർമ്മാണ ജോലികൾക്ക് ഇനിയും സമയമെടുക്കും.

മഴക്കാലമെത്തുംമുമ്പ് ഈ ജോലികളും പൂർത്തിയാക്കാനാണ് തീരുമാനം. സ്കൂപ്പിംഗ് മോഡലിലായിരുന്നു കിണർ നിർമ്മാണം. ഒരു മീറ്റർ ഉയരത്തിൽ റിംഗ് ഉറപ്പിച്ച ശേഷം ഇത് കോൺക്രീറ്റ് ചെയ്തെടുക്കുകയും ഭൂമിക്ക് മുകളിലേക്കുള്ള റിംഗ് പൂർത്തിയാകുമ്പോൾ അടിഭാഗത്തെ മണ്ണ് നീക്കം ചെയ്ത് ഇത് താഴേയ്ക്ക് ഇരുത്തിയാണ് സ്കൂപ്പിംഗ് മോഡലിൽ കിണർ കുഴിച്ചത്. അടിഭാഗത്ത് പാറ ഉണ്ടായിരുന്നത് ശ്രമകരമായി നീക്കം ചെയ്തു. ഇപ്പോൾ കിണറ്റിൽ തറനിരപ്പിൽ ജലം നിറഞ്ഞിരിക്കുകയാണ്. മഴ പെയ്ത് തുടങ്ങിയാൽ കല്ലടയാറ്റിൽ കുത്തൊഴുക്ക് ഉണ്ടാവുകയും ആറ്റുവെള്ളം കിണറ്റിലെത്തുകയും ചെയ്യും. ഇതുണ്ടാവാതിരിക്കാൻ തടയണ നിർമ്മിക്കുന്നുണ്ട്.

തടയണ നിർമ്മിക്കാനായി 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിനാണ് ഇതിന്റെ നിർമ്മാണ ചുമതല. പഴയ ചീർപ്പിന്റെ മോഡലിൽ റഗുലേറ്റർ ടൈപ്പ് തടയണയാണ് നിർമ്മിക്കുക. തടയണയ്ക്ക് കിണറ്റിൽ നിന്നും നൂറ് മീറ്റർ അകലമുണ്ടാകും. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുന്നത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർ‌ത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

കൊല്ലം പട്ടണത്തിന്റെ ദാഹമകറ്റാൻ

കൊല്ലം പട്ടണത്തിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയുന്ന ബൃഹത് സംരംഭമാണ് ഞാങ്കടവ് കുടിവെള്ള പദ്ധതി. കിഫ്ബിയിലും അമൃത് പദ്ധതിയിലും ഉൾപ്പെടുത്തി 313.35 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കൊല്ലം കോർപ്പറേഷനും കൊറ്റങ്കര പഞ്ചായത്തിനും കുടിവെള്ളം ലഭ്യമാക്കുന്ന വിധമാണ് ഇതിന്റെ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 28 കിലോ മീറ്റർ ദൂരത്തിൽ പൈപ്പ് ഇട്ടാണ് കൊല്ലത്തേക്ക് വെള്ളമെത്തിക്കുക.