പുനലൂർ: നഗരസഭയിലെ സമാന്തര പാതകളുടെ നവീകരണം നീളുന്നതിനാൽ ജനം യാത്രാദുരിതത്തിൽ. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന ചെമ്മന്തൂർ-ചൗക്ക, പുനലൂർ-മാർക്കറ്റ്, പുനലൂർ-പേപ്പർമിൽ, ചെമ്മന്തൂർ-വെട്ടിപ്പുഴ എം.എൽ.എ, പുനലൂർ-ശിവൻകോവിൽ തുടങ്ങിയ അഞ്ച് റോഡുകളുടെ നവീകരണമാണ് നീളെനീളെയായത്.
ഏഴ് മാസം മുമ്പാണ് ഇവിടങ്ങളിൽ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇതിന്റെ പകുതിഭാഗം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. ആറ് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കി റോഡുകൾ നാടിന് സമർപ്പിക്കുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രഖ്യാപനം. എന്നാൽ വരാൻപോകുന്ന കാലവർഷം അവസാനിച്ചാലും റോഡ് നവീകരണം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്.
15.25കോടി രൂപ ചെലവഴിച്ചാണ് അഞ്ച് റോഡുകളുടെയും പുനരുദ്ധാരണ ജോലികൾ ആരംഭിച്ചത്. നഗരസഭ പ്രദേശങ്ങളിലെ എട്ടിലധികം വാർഡുകളിലെ ജനങ്ങൾ ടൗണിലും മറ്റും എത്തുന്നത് ഈ റോഡുകളിലൂടെയാണ്. നവീകരണം വൈകുന്നതിനാൽ ഇവരാണ് ദുരിതവഴിയിലായത്. രണ്ടുമാസം മുമ്പ് പാതയോരത്തെ കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കി മെറ്റൽ പാകിയിരുന്നു. എന്നാൽ തുടർനടപടികൾ വൈകിയതോടെ കാൽനട യാത്രയടക്കം ദുസഹമായി. പാതകളുടെ ഈ അവസ്ഥ കാരണം നാലുമാസമായി ടൗണിൽ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇതും വാഹനങ്ങളെയും കാൽനടയാത്രികരെയും ഒരുപോലെ വലയ്ക്കുന്നു.
പ്രതിഷേധം ശക്തമായതോടെ അഞ്ച് റോഡുകളിലും രണ്ടാം ഘട്ട മെറ്റൽ പാകൽ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇനി ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ടാറിംഗ് ജോലികളും ആരംഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ മഴക്കാലമാകുന്നതോടെ യാത്രാദുരിതം ഇരട്ടിക്കുമെന്നും ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.