രണ്ട് മാസത്തിനകം പൂർത്തിയാകും
കൊല്ലം: കപ്പലണ്ടിമുക്ക് - കടപ്പാക്കട റോഡിൽ ചെമ്മാംമുക്കിൽ നടപ്പാലം നിർമ്മാണം ആരംഭിച്ചു. നഗരസഭയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 74 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാകും.
ക്ളോക്ക് ടവർ മാതൃകയിൽ
കൊല്ലം നഗരത്തിന്റെ അടയാളമായ ക്ലോക്ക് ടവറിന്റെ മാതൃകയിലാണ് നടപ്പാലം നിർമ്മിക്കുന്നത്. തറനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരമുണ്ടാകും. 24 മീറ്റർ നീളമുള്ള നടപ്പാലത്തിൽ രണ്ട് മീറ്റർ വീതിയിലാണ് നടപ്പാത. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
നടപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഇവിടെ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. തൊട്ടടുത്തുള്ള വിമലഹൃദയ, ക്രിസ്തുരാജ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഏറെ പ്രയോജനപ്രദം. മൂന്ന് റോഡുകൾ വന്നുചേരുന്ന ഇവിടെ തിരക്കേറിയ സമയങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ ഏറെ നേരം കാത്തുനിൽക്കണം. ഇതിനിടെ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്.
ചെമ്മാംമുക്കിന് പുറമെ ഹൈസ്കൂൾ ജംഗ്ഷനിൽ ദേശീയപാതയ്ക്ക് കുറുകെയുള്ള നടപ്പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. പാർവ്വതി മില്ലിന് സമീപത്തെ നടപ്പാലത്തിന്റെ നിർമ്മാണവും ഉടൻ തുടങ്ങും.
6 മീറ്റർ ഉയരം
24 മീറ്റർ നീളം
2 മീറ്റർ വീതി