കൊല്ലം: കേരള എൻജിനിയറിംഗ് / ഫാർമസി പ്രവേശന പരീക്ഷ (കീം) നാളെ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും ഡൽഹി, ദുബായ്, മുംബയ് എന്നിവിടങ്ങളിലായി ആകെ 329 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷ. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയുടെ ചോദ്യ പേപ്പറുകൾ രാവിലെ എട്ടിന് പ്രത്യേക വാഹനങ്ങളിൽ പൊലീസ് സംരക്ഷണത്തിൽ എത്തിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാ കൺട്രോളറുടെ പ്രതിനിധികളും നിരീക്ഷകരും ഉണ്ടാകും. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകളിൽ വൈദ്യുതി മുടക്കമുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
മേയ് 2 : പേപ്പർ 1, ഫിസിക്‌സ്, കെമിസ്ട്രി
മേയ് 3: പേപ്പർ 2, കണക്ക്
പരീക്ഷ രാവിലെ 10 മുതൽ 12.30 വരെ
വിദ്യാർത്ഥികൾ 9.30ന് കേന്ദ്രത്തിലെത്തണം
നാല് സ്ട്രീമിൽ പ്രവേശനം, പരീക്ഷ രണ്ടിൽ മാത്രം
എൻജിനിയറിംഗ് / ഫാർമസി / ആർക്കിടെക്ചർ / മെഡിക്കൽ ആൻഡ് അലൈഡ് എന്നീ നാല് സ്ട്രീമുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. അർഹതയ്ക്കനുസരിച്ച് എത്ര സ്ട്രീമിലേക്കും അപേക്ഷിക്കാം. എൻജിനിയറിംഗ് ഫാർമസി സ്ട്രീമുകളിലേക്ക് മാത്രമേ പ്രവേശന പരീക്ഷ നടത്തുന്നുള്ളൂ. എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് രണ്ട് ദിവസങ്ങളായി രണ്ട് പേപ്പറുകൾ ഉണ്ട്. ആദ്യപേപ്പറായ ഫിസിക്‌സും കെമിസ്ട്രിയുമാണ് ഫാർമസി പ്രവേശനത്തിനായി എഴുതേണ്ടത്.
മെഡിക്കൽ കോഴ്സുകളിലെ പ്രവേശനം നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ 'നീറ്റ്" പരീക്ഷയുടെ റാങ്ക് അനുസരിച്ചാണ്. ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന നാറ്റയുടെ സ്കോറും പ്ലസ്ടു മാർക്കും പരിഗണിച്ചാണ് ആർക്കിടെക്ചർ പ്രവേശനം. കീമിൽ അപേക്ഷ നൽകിയവർക്ക് മാത്രമേ നീറ്റ് / നാറ്റ യോഗ്യത നേടിയാലും കേരളത്തിലെ പ്രവേശനത്തിന് അർഹതയുള്ളൂ.
പരീക്ഷാ കേന്ദ്രത്തെക്കുറിച്ച് ധാരണ വേണം
പരീക്ഷാ കേന്ദ്രം എവിടെയെന്ന് കൃത്യമായി അറിഞ്ഞു വയ്ക്കണം. വീട്ടിൽ നിന്ന് എത്ര സമയത്തിനുള്ളിൽ അവിടെയെത്താനാകുമെന്ന ധാരണ വേണം. അഡ്മിറ്റ് കാർഡ് ഉൾപ്പെടെ പരീക്ഷാ ഹാളിലേക്ക് ആവശ്യമായതെല്ലാം ഇന്ന് തന്നെ എടുത്ത് വയ്ക്കണം. .
ഓർമ്മയിൽ സൂക്ഷിക്കാൻ
അഡ്മിറ്റ് കാർഡ് ഇല്ലാതെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല
പരീക്ഷാ ഹാളിൽ വിദ്യാർത്ഥികളും ഇൻവിജിലേറ്റർമാരും മൊബൈൽ ഫോൺ ഉപയോഗിക്കരുത്
നീലയോ കറുപ്പോ നിറമുള്ള ബോൾ പോയിന്റ് പേന ഒഴികെ മറ്റൊന്നും ഹാളിൽ കൊണ്ടുപോകരുത്
ലളിതമായ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതുക
ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ കൂടുതൽ സമയം കളയരുത്.
ചോദ്യങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകുമ്പോൾ ചോദ്യ നമ്പരുകൾ മാറാതെ ശ്രദ്ധിക്കണം
ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞ് ഉത്തരങ്ങൾ പരിശോധിക്കാൻ സമയം കളയരുത്
രക്ഷിതാക്കളും ഉത്തരങ്ങളെ കുറിച്ച് ചോദിക്കരുത്
രണ്ട് പരീക്ഷയും കഴിഞ്ഞിട്ട് ഉത്തരങ്ങൾ വിലയിരുത്താം
എൻജിനിയറിംഗ് :
ബി.ടെക് (കേരള കാർഷിക സർവകലാശാലയുടെ ബി.ടെക്, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, ഫുഡ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി കോഴ്‌സുകൾ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ ബി.ടെക്, ഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിന്റെ ബി.ടെക്, ഫുഡ് ടെക്‌നോളജി തുടങ്ങിയവ )
ഫാർമസി: ബി.ഫാം.
ആർക്കിടെക്ചർ: ബി.ആർക്
മെഡിക്കൽ: എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് (ഹോമിയോ), ബി.എ.എം.എസ് (ആയുർവേദം), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യുനാനി).
അനുബന്ധകോഴ്‌സുകൾ: ബിഎസ് സി (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബിഎസ് സി (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.വി.എസ്.സി ആൻഡ് എ.എച്ച്, ബാച്ചിലർ ഒഫ് ഫിഷറീസ് സയൻസ്