kunnathoor
കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ നിർദ്ധനരായ രോഗികൾക്ക് എം.ജി ചാരിറ്റബിൾ സൊസൈറ്റി കൈമാറിയ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിക്കുന്നു

കുന്നത്തൂർ: കിടപ്പുരോഗികളായ നിർദ്ധനർക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വകയൊരുക്കി കുന്നത്തൂർ മഹാത്മാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി മാതൃകയായി. കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികൾക്കാണ് ഇവർ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തത്. കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രവും ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായാണ് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തത്.

എല്ലാ മാസവും ഇത്തരം രോഗികൾക്ക് വിവിധ സംഘടനകളും വ്യക്തികളും ജനപ്രതിനിധികളും മറ്റുമാണ് ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുന്നത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മിറ്റി സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ഷീജാ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി ഭാരവാഹികളായ കാരയ്ക്കാട്ട് അനിൽ, ബി. ഹരികുമാർ, പഞ്ചായത്തംഗങ്ങളായ ശ്രീദേവിഅമ്മ, ശ്രീകല, രവീന്ദ്രൻ, മഞ്ജുള എന്നിവർ പ്രസംഗിച്ചു.