കൊടുങ്ങല്ലൂർ: ഭാരതത്തിന്റെ പ്രവേശന കവാടമെന്നതുൾപ്പടെ നിരവധി വിശേഷണങ്ങളുള്ള കൊടുങ്ങല്ലൂരിന് ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റുകാരനെ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുത്തതിന്റെ ഖ്യാതിയും സ്വന്തം. 1949 ലായിരുന്നു ചരിത്രത്തിലിടം പിടിച്ച ആ തിരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനമുണ്ടായിരുന്ന കാലത്തായിരുന്നു അത്. ഒളിവിലിരുന്നു കൊണ്ടായിരുന്നു അന്നത്തെ പോരാട്ടമെന്നതും ചരിത്രം. ഇ. ഗോപാലകൃഷ്ണ മേനോനിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അന്നത്തെ ചരിത്ര വിജയം സ്വായത്തമാക്കിയത്. 1949 ലെ കൊച്ചി നിയമസഭാ ഉപ തിരഞ്ഞെടുപ്പിലാണ് ഇ.ഗോപാലകൃഷ്ണമേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. 1945 ൽ കന്നിയങ്കത്തിനിറങ്ങി അദ്ദേഹത്തിന് അടി തെറ്റിയിരുന്നു. തുടർന്ന് 1948 ലുണ്ടായ തിരഞ്ഞെടുപ്പിൽ വി.വി. കൃഷ്ണൻ മാഷായിരുന്നു പാർട്ടി സ്ഥാനാർത്ഥി. അത് കേസിൽ കുടുങ്ങി. അങ്ങനെയാണ് ഉപതിരഞ്ഞെടുപ്പ് സംജാതമായത്. വി.വി. കൃഷ്ണൻ മാഷ് പിന്നീട് പ്രാദേശിക രാഷ്ട്രീയത്തിൽ ഒതുങ്ങി, 1963 വരെ കൊടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റായി തുടർന്നു.
49 ലെ തിരഞ്ഞെടുപ്പ് കൊച്ചി നിയമസഭയിലേക്കായിരുന്നുവെങ്കിലും ഫല പ്രഖ്യാപനമാകുമ്പോഴേക്കും തിരു കൊച്ചി ലയനം നടന്നു. കളപ്പറമ്പത്ത് മാധവനെ പോലുള്ള വിശ്വസ്തരായ പാർട്ടി അംഗങ്ങളുടെ വീടുകളിൽ ഒളിവിലിരുന്ന് ആദ്യത്തെ രണ്ട് തിരഞ്ഞെടുപ്പിലും വിജയം കണ്ടു. കരമടക്കുന്നവർക്ക് മാത്രം വോട്ടവകാശമെന്ന വ്യവസ്ഥിതിക്ക് മാറ്റമുണ്ടാവുകയും പ്രായപൂർത്തി വോട്ടവകാശം നിലവിൽ വരികയും ചെയ്തതോടെയുണ്ടായ ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പായ 52ലും പിന്നീട് 57ലും 70 ലുമുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗോപാലകൃഷ്ണ മേനോൻ തന്നെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയം കണ്ടു. അങ്ങനെ ആദ്യ കമ്മ്യൂണിസ്റ്റ് എം.എൽ.എയായി മാറിയ ഇ. ഗോപാലകൃഷ്ണ മേനോന്റെ ഏങ്ങണ്ടിയൂർ വീട് ഇന്നും നിലകൊള്ളുന്നു. ആൾപാർപ്പില്ലാതെയാണിപ്പോൾ ഈ വീട് നിലകൊള്ളുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് ഇത് വീണ്ടും ശ്രദ്ധാകേന്ദ്രമായത് മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ കൊടുങ്ങല്ലൂരിൽ മത്സരിച്ചപ്പോഴാണ്. ഇവിടെ താമസിച്ചായിരുന്നു കെ.പി. രാജേന്ദ്രൻ കൊടുങ്ങല്ലൂരിന്റെ മനസ്സ് കീഴടക്കിയത്.