തൃശൂർ: ജവഹർ ബാലഭവനിൽ ജവഹർലാൽ നെഹ്‌റുവിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചു. ബാലഭവനിലെ അവധിക്കാല ക്യാമ്പിനും തുടക്കമായി. സ്വകാര്യവ്യക്തി രാജസ്ഥാനിൽ നിന്നും വാങ്ങി സ്ഥാപിച്ചതാണ് പ്രതിമ. ആറടി രണ്ട് ഇഞ്ച് ഉയരമുള്ള പ്രതിമക്ക് 128 കിലോ തൂക്കമുണ്ട്. പത്ത് ലക്ഷം രൂപയോളം വിലവരും. പ്രതിമ പി.ചിത്രൻ നമ്പൂതിപ്പാട് അനാവരണം ചെയ്തു. അവധികാല ക്യാമ്പ് 'കളിവീട് ' എഴുത്തുകാരി സുമംഗല ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടർ കൗൺസിലർ പി. കൃഷ്ണൻകുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജയരാജ് വാരിയർ, നടി കൃപ, കൗൺസിലർ കെ. മഹേഷ് പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സി.ആർ. ദാസ്, വി. മുരളി, നാരായണി ടീച്ചർ എന്നിവർ സംബന്ധിച്ചു. കുട്ടികളും രക്ഷിതാക്കളും അടക്കം വൻ ജനാവലി പങ്കെടുത്തു. 800 ഓളം കുട്ടികളാണ് കളിവീട്ടിൽ പങ്കെടുക്കാൻ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. നാലു മുതൽ പതിനാറ് വയസുവരെയുള്ളവർക്കാണ് പ്രവേശനം. ഒരാഴ്ച രജിസ്‌ട്രേഷൻ തുടരും. 1500 കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് പി. കൃഷ്ണൻകുട്ടി മാസ്റ്റർ പറഞ്ഞു. വാഹന സൗകര്യം, ആയമാരുടെ സൗകര്യം, പ്രശസ്തരുമായി മുഖാമുഖം, പ്രകൃതി പഠന വിനോദയാത്ര, സഹവാസ ക്യാമ്പ്, വായനക്കൂട്ടായ്മ, ബാല ചലച്ചിത്രോത്സവം, നാടകവേല, ശാസ്ത്രപരീക്ഷണങ്ങൾ, ചിത്രകല, ശിൽപ്പകല, സംഗീതം, നൃത്തം, ആയോധന കലകൾ, കമ്പ്യൂട്ടർ പഠനം തുടങ്ങിയവയുമുണ്ടാകും...