തൃശൂർ: വ്യക്തമായ രാഷ്ട്രീയ അജൻഡയോടെയാണ് ഇത്തവണ മത്സരത്തിനിറങ്ങിയിരിക്കുന്നതെന്ന് തൃശൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനും എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും. പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാകുമോ എന്ന ചോദ്യത്തെ ചൊല്ലി ഇരുവരും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തൃശൂർ പ്രസ്‌ക്ലബിൽ 'രാഷ്ട്രീയം പറയാം' എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് നിർബന്ധമില്ല. എന്നാൽ പ്രധാനമന്ത്രിയാകില്ലെന്ന് താൻ പറയുന്നില്ല. ബി.ജെ.പിയുടെ വെല്ലുവിളി നേരിടാൻ കഴിയാതെയാണ് രാഹുൽ വയനാട്ടിലെത്തുന്നതെന്നും രാജാജി പറഞ്ഞു. രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും. രാഹുൽ പ്രധാനമന്ത്രിയാകണോയെന്ന് തീരുമാനിക്കേണ്ടത് അംഗങ്ങൾ അധികമില്ലാത്ത ഇടതുപക്ഷമല്ലെന്നും ടി.എൻ പ്രതാപൻ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ എം.പിമാരുണ്ടാകുന്ന ഡി.എം.കെ പോലുള്ള കക്ഷികൾ രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നയം വ്യക്തമാക്കുകയാണ് രാജാജിയും പ്രതാപനും. ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ
? ദേശീയ തലത്തിൽ പൊതുശത്രു ആര്
ബി.ജെ.പി തന്നെ (ഇരുവരും)
? എതിർ സ്ഥാനാർത്ഥിയുടെ വിജയസാദ്ധ്യതയെക്കുറിച്ച് എന്താണ് അഭിപ്രായം
പരസ്പരം വിജയാശംസ നേരാൻ ഇല്ല (ഇരുവരും).
? പ്രതാപന് കെ.പി. രാജേന്ദ്രൻ വിജയാശംസ നേർന്നെന്ന പ്രചാരണമുണ്ടല്ലോ
ടി.എൻ പ്രതാപൻ
വ്യക്തിപരമായി സുഹൃത്തുക്കളാണ്. വ്യത്യസ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് മത്സരം. എങ്കിലും സുഹൃദ് ബന്ധത്തിന് കോട്ടം തട്ടില്ല. കെ.പി രാജേന്ദ്രനോട് വോട്ടു ചോദിച്ചിട്ടില്ല, സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയത്. ഇത് പ്രചരിപ്പിച്ചതിനോട് യോജിക്കുന്നില്ല
രാജാജി
കെ.പി. രാജേന്ദ്രനുമായി സംസാരിക്കുന്നത് പ്രചരിപ്പിച്ചതിന്റെ പിന്നിലെ ഉറവിടം പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റാണെന്നോ പരിശോധിക്കണം.
പോരാടുന്നത് ഭരണഘടനയ്ക്കായെന്ന് പ്രതാപൻ
കേന്ദ്ര സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയും നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ ദുരിതങ്ങൾക്കെതിരെയുമുള്ള പോരാട്ടമാണ് നടത്തുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കിയ അപകടകരമായ സാഹചര്യമാണുള്ളത്. ഇതിനെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കും. കേരളത്തിലെ രണ്ടര വർഷത്തെ ഭരണത്തെയും ജനം വിലയിരുത്തും. രണ്ടു മഹാദുരന്തങ്ങളായ പ്രളയവും ഓഖിയും നേരിട്ടതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. പ്രളയത്തിൽ എല്ലാം നശിച്ചവരിൽ പലരും ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്. കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെത്തിയിട്ടും സഹായം ഇതുവരെ ലഭിച്ചിട്ടില്ല. ട്രഷറികൾ സ്തംഭിച്ച സാഹചര്യമാണ്. ഓഖിയിലും സഹായം പാതി വഴിയിലാണ്.
കോൺഗ്രസിന് ഒറ്റയ്ക്ക് ബദലുണ്ടാക്കാനാകില്ല
കോൺഗ്രസിന് കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ ഒറ്റയ്ക്ക് ബദലുണ്ടാക്കാനാകില്ല. ഇടത് കക്ഷികളുടെയടക്കം പിന്തുണയുണ്ടെങ്കിലേ ബി.ജെ.പിയെ പുറത്താക്കാനാകൂവെന്ന സത്യം കോൺഗ്രസ് മനസിലാക്കുന്നില്ല. കൂട്ടുകക്ഷി ഭരണത്തിന് മാത്രമേ നല്ല ഭരണം കാഴ്ച വയ്ക്കാനാകൂ. സാമ്പത്തികമായി രാജ്യത്തെ മുന്നോട്ട് നയിക്കാനാകൂ. ഇടതു പിന്തുണ പിൻവലിച്ചപ്പോഴാണ് കോൺഗ്രസ് സർക്കാർ വൻ അഴിമതികളിലേക്ക് കൂപ്പു കുത്തിയത്.
പ്രസ്‌ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിസിയ നന്ദി പറഞ്ഞു..
....................
വിജയിച്ചാൽ തിരഞ്ഞെടുപ്പിൽ കാലോചിതമായ മാറ്റം കൊണ്ടുവരാൻ പാർലമെന്റിൽ ശ്രമിക്കും. നിലവിൽ ഭൂരിപക്ഷം വോട്ടല്ല സീറ്റുകളാണ് വിജയത്തിന് മാനദണ്ഡം. വോട്ട് ശതമാനം കൂടുതൽ കിട്ടുന്ന പാർട്ടി പുറത്തും കുറവ് കിട്ടുന്നവർ ഭരണം നടത്തുന്ന സാഹചര്യവുമാണ്. വോട്ടിന്റെ ശതമാനം അനുസരിച്ച് ജനപ്രതിനിധികളെ അയയ്ക്കാനുള്ള നിയമനിർമാണത്തിന് ശ്രമിക്കും. വികസനം നടത്തുന്നത് എം.പിമാരല്ല. അത് ത്രിതല പഞ്ചായത്തുകളും സംസ്ഥാന സർക്കാരും നിർവഹിക്കും. ലോക് സഭയിൽ നിയമ നിർമ്മാണത്തിനാണ് പ്രധാന പരിഗണന.