മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി
വടക്കാഞ്ചേരി: കേരളത്തിലെ ഒരു മണ്ഡലവും കോൺഗ്രസിനും യു.ഡി.എഫിനും അപ്രാപ്യമല്ലെന്നും ഇത്തവണ 20 സീറ്റുകളിലും വിജയക്കൊടി പാറിക്കാൻ യു.ഡി.എഫിന് കഴിയുമെന്നും മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധിയുടെ വരവോടെ കേരളത്തിൽ മുഴുവൻ മണ്ഡലങ്ങളിലും തരംഗം സൃഷ്ടിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും കഴിയും. ആലത്തൂരിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും രമ്യ ഹരിദാസ് മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താൻ വടക്കാഞ്ചേരിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയ ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. വടക്കാഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന യോഗത്തിൽ മൂന്ന് മണ്ഡലങ്ങളിലെയും പ്രധാന നേതാക്കൾ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം നേതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും നൽകിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.