എരുമപ്പെട്ടി: സ്‌കൂൾ മുറ്റത്തെ മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പൊലിസിൽ പരാതി നൽകാൻ പി.ടി.എ യോഗം തീരുമാനിച്ചു. എരുമപ്പെട്ടി പഞ്ചായത്തിന് കീഴിലുള്ള ഗവ. എൽ.പി സ്‌കൂൾ മുറ്റത്ത് സ്ഥിതി ചെയ്തിരുന്ന മദ്രാസ് ഈത്ത ഇനത്തിൽപ്പെട്ട രണ്ട് വൻ മരങ്ങളാണ് അനുമതിയില്ലാതെ മുറിച്ച് കടത്തിയത്.
പുതുതായി നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിന് തടസം സൃഷ്ടിച്ചിരുന്ന മരങ്ങൾ നിയമ നടപടികൾ സ്വീകരിക്കാതെ സ്വകാര്യ വ്യക്തിക്ക് തികച്ചും സൗജന്യമായാണ് കൈമാറിയത്. 75000 രൂപയോളം വില വരുന്ന രണ്ട് മരങ്ങൾ മൂന്ന് ദിവസത്തിലധികം സമയം എടുത്താണ് മുറിച്ച് മാറ്റിയത്. സംഭവം വിവാദമായതോടെ പ്രധാനദ്ധ്യാപിക എരുമപ്പെട്ടി പഞ്ചായത്തിൽ പരാതി നൽകിയിരുന്നതാണ്. എന്നാൽ അനുമതിയില്ലാതെ മരം മുറിച്ച് കടത്തിയതും ഇത് മൂലം സർക്കാരിന് നഷ്ടം സംഭവിച്ചതും ഗുരുതര വീഴ്ചകളാണെന്ന് ഇന്നലെ ചേർന്ന പി.ടി.എ, എസ്.എം.സി ഭാരവാഹികളുടെ യോഗം വിലയിരുത്തി.
അതേ സമയം കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി തടസം നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ പ്രധാന അദ്ധ്യാപികയും മറ്റുള്ളവരും തന്നോട് ആവശ്യപ്പെടുകയാണുണ്ടായതെന്നും കൂലിക്ക് പകരമായി മരങ്ങൾ എടുക്കാനും പറഞ്ഞുവെന്നും മരം മുറിച്ചെടുത്ത വ്യക്തി പറയുന്നു.