ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് മാർക്കറ്റിലൂടെ ഇന്നലെ പുലർച്ചെ 5 ന് ഒരാൾക്കൂട്ടം. മത്സ്യത്തൊഴിലാളികൾക്ക് ആകാംക്ഷയായി. അടുത്തെത്തിയപ്പോഴാണ്എൽ.ഡി.എഫ് തൃശൂർ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസാണെന്ന് അറിയുന്നത്.
രാജാജിയെ കണ്ടതോടെ തൊഴിലാളികൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അഭിവാദ്യം ചെയ്തു. മത്സ്യം കയറ്റിക്കൊണ്ടിരുന്നതിനാൽ തൊഴിലാളികളിൽ ചിലർ രാജാജിക്ക് ഹസ്തദാനം ചെയ്യാൻ മടിച്ചുനിന്നു. കൈയിൽ മത്സ്യത്തിന്റെ ചിതമ്പലും, ദുർഗന്ധവുമാണെന്ന് അവർ സങ്കോചത്തോടെ പറഞ്ഞു. എന്നാൽ അവരെ രാജാജി ഇരുകൈയാലും ചേർത്തുപിടിച്ചു. നേരത്തെ എത്തിയാൽ മാത്രമേ മത്സ്യത്തൊഴിലാളികളായ സഹോദരങ്ങളെ ഒരുമിച്ച് കാണാനാകൂ എന്നതുകൊണ്ടാണ് നേരം പുലരുമ്പോഴേക്കും രാജാജി ചാവക്കാടെത്തിയത്.
ലേലം വിളിയുടെയും, കണക്കെഴുത്തിന്റെയും ബഹളങ്ങൾ ഒരു നിമിഷം രാജാജിക്കായി വഴിമാറി. പിന്നെ സെൽഫിയെടുക്കാനുള്ള തിരക്കായിരുന്നു. ബ്ലാങ്ങാട് ബീച്ചിലും, മത്സ്യമാർക്കറ്റിലും കയറിയിറങ്ങിയ രാജാജി തൊഴിലാളികളുടെ സ്‌നേഹം ആവോളം പിടിച്ചുവാങ്ങിയാണ് തിരിച്ചത്. മുൻ നഗരസഭ ചെയർമാൻ എം.ആർ. രാധാകൃഷ്ണൻ അടക്കമുള്ള എൽ.ഡി.എഫ് നേതാക്കളും കൂടെയുണ്ടായിരുന്നു.
അന്തരിച്ച സി.പി.എം നേതാവ് കെ. അഹമ്മദിന്റെ ഭവനത്തിലെത്തി അദ്ദേഹത്തിന്റെ പത്‌നിയെയും, മകനെയും കണ്ട രാജാജി ആ ഉമ്മയുടെ അനുഗ്രഹം തേടി. പിന്നീട് ലീഗുകാരുടെ കൊലക്കത്തിക്കിരയായ മുൻ ചാവക്കാട് നഗരസഭാ ചെയർമാൻ കെ. പി. വത്സലന്റെ വസതിയിലെത്തിയ രാജാജി അദ്ദേഹത്തിന്റെ സഹോദരിയെ കണ്ടു. ഇതുപോലെ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഏപ്രിൽ മാസത്തിലാണ് വത്സലൻ ലീഗ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായത്. മറ്റൊരു നേതാവ് എ.എച്ച്. അക്ബറിന് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. നഗരസഭാ ചെയർമാനാണ് കൊല്ലപ്പെട്ടത്. ഓർമ്മകളിൽ മുഴുകിയെ അവരെ ആശ്വസിപ്പിച്ചും അനുഗ്രഹം തേടിയും രാജാജി മണലൂർ മണ്ഡലത്തിലേക്ക് യാത്രയായി. മുൻ നഗരസഭ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ, കെ.കെ. സുധീരൻ,അഡ്വ. പി. മുഹമ്മദ് ബഷീർ, ഐ.കെ. ഹൈദരാലി, പി.കെ. രാജേശ്വരൻ, പി.പി. നാരായണൻ, കെ. എച്ച്. സലാം തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു..