pinarayi-vijayan

തൃപ്രയാർ: കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നവരുടെ പേരല്ല പ്രശ്‌നം, നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വലപ്പാട് നടന്ന തീരദേശ മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പ് വലിയ പാർട്ടിയായിരുന്നു കോൺഗ്രസ്. ആ കാലം പോയി.. ഇന്ന് അതിദയനീയ അവസ്ഥയിലാണ്. ഒരേ നയമാണ് കോൺഗ്രസും ബി.ജെ.പിയും പിന്തുടരുന്നത്. സാമ്പത്തിക, ഉദാരവത്കരണ നയങ്ങളിലും കോർപറേറ്റുകളെ സംരക്ഷിക്കലിലും സമാനമാണ് ഇവരുടെ ആശയങ്ങൾ. ബി.ജെ.പി ഭരണം ഇനിയും വരാൻ പാടില്ല. ബദൽ നയത്തോടു കൂടിയ മതേതര സർക്കാരാണ് വേണ്ടത്. വർഗ്ഗീയതയ്ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണാവശ്യം. അതിനായി ഏറ്റവും കൂടുതൽ സംഭാവന നൽകേണ്ടത് കേരളമാണ്. നേരത്തെ എൽ.ഡി.എഫിന് 18 ആയിരുന്നത് ഇത്തവണ 18 ൽ ഒതുങ്ങില്ല. രാജ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് നേരത്തെ യു.പി.എയെ പിന്തുണച്ചത്.

മത്സ്യത്തൊഴിലാളികൾക്ക് എന്തു ചെയ്താലും മതിയാവില്ല എന്ന് ചിന്തിക്കുന്ന സംസ്ഥാനമാണ് കേരളം. തീരദേശ സംരക്ഷണത്തിന് മൂവായിരം കോടി രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരികയാണെന്നും പിണറായി ഓർമിപ്പിച്ചു. യോഗത്തിൽ ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ് സുനിൽകുമാർ, സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്, എം.എൽ.എമാരായ പ്രൊഫ. കെ.യു അരുണൻ, മുരളി പെരുനെല്ലി, ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു.