കൊടുങ്ങല്ലൂർ: വിദേശ യാത്രകളിൽ ലോക നേതാക്കൾക്കൊപ്പം സെൽഫിയെടുക്കാൻ കെട്ടിപ്പിടിക്കുന്ന മോഡി സ്വന്തം രാജ്യത്തെത്തുമ്പോൾ ജനങ്ങളെ മറക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിർ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധിച്ചപ്പോഴും ജി.എസ്.ടി നടപ്പിലാക്കിയപ്പോഴും അദ്ദേഹം ജനങ്ങളെ കുറിച്ച് ചിന്തിച്ചില്ല. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെ കുറിച്ച് ഹിന്ദുക്കളെ പേടിച്ച് മുസ്‌ലിംകൾക്ക് ഇടയിലേക്ക് പോയി എന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന സ്ഥാനത്തിന് യോജിച്ചതല്ല. 53 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലമാണ് വയനാട്. 47 ശതമാനമാണ് മറ്റ് മുഴുവൻ ന്യൂനപക്ഷങ്ങളുടെയും ജനസംഖ്യ. മോഡി സംഘപരിവാറിനെ ഉപയോഗിച്ച് മത വിഭാഗീയത സൃഷ്ടിക്കുമ്പോൾ പിണറായി സഖാക്കളെ ഉപയോഗിച്ച് രാഷ്ട്രീയ വിഭാഗീയതയാണ് നടത്തുന്നത്. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന സംഘപരിവാർ രീതിയാണ് മാർക്‌സിസ്റ്റ് പാർട്ടി നടപ്പിലാക്കുന്നത്. പൊലീസുകാരെ അക്രമിക്കുന്നവരെ പോലും സംരക്ഷിക്കുന്നതാണ് പിണറായിയുടെ രീതി. കേരളത്തിൽ യു.ഡി.എഫ് സൗജന്യമായി നൽകിയ അരിക്ക് രണ്ട് രൂപ വില വാങ്ങുന്ന ഇടത് സർക്കാർ കേന്ദ്രം നൽകുന്ന അരിക്ക് രണ്ട് രൂപ ലാഭം എടുക്കുന്നു. സമ്പത്ത് പാവപ്പെട്ടവർക്ക് കൂടി അവകാശപ്പെട്ടതാണെന്ന രാഹുൽ ഗാന്ധിയുടെ ചിന്തയിൽ നിന്നാണ് മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് കോൺഗ്രസ് രൂപം കൊടുത്തതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ടി.യു. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ഹാറൂൺ റഷീദ്, ടി.എം. നാസർ, അഡ്വ. വി.എം. മുഹിയുദ്ധീൻ, വി.എസ്. ജോയ്, വി.പി. അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.