alathur

തൃശൂർ: കൃഷിക്കാരുടെ നാട്, നെല്ലറ, കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന ഗ്രാമങ്ങൾ.. അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ആലത്തൂർ മണ്ഡലത്തിന് പതിറ്റാണ്ടുകളായി വിപ്ളവത്തിന്റെ വീര്യമാണ്. നെല്ലിയാമ്പതി മലകളിലെ തണുത്ത കാറ്റിനും പാലക്കാടൻ ചുരമിറങ്ങുന്ന വരണ്ട കാറ്റിനും കുന്ദംകുളത്തിനു പടിഞ്ഞാറെ കടൽക്കാറ്റിനും ആ ചുവപ്പൻ ഛായയുണ്ട്. എങ്കിലും കിട്ടാക്കനിയായിരുന്ന ആലത്തൂ‌‌‌ർ മണ്ഡലത്തിൽ ഇത്തവണ 'പാട്ടുംപാടി' ജയിക്കാമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മണ്ഡലം ഇക്കുറിയും നിലനിറുത്താമെന്നാണ് എൽ.ഡി.എഫ് ആത്മവിശ്വാസം. അട്ടിമറി വിജയമാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.

പാട്ടും പോരും

യു.ഡി.എഫ് സ്ഥാനാർത്ഥി പാട്ടുകാരി മാത്രമല്ല, നർത്തകിയുമാണ്- യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ- ഓർഡിനേറ്റർ രമ്യാ ഹരിദാസ്. ത്രികോണ മത്സരച്ചൂടിലമർന്ന ആലത്തൂരിന്റെ നാട്ടുവഴികളിലൂടെ നാടൻപാട്ടും പാടിയാണ് രമ്യയുടെ വോട്ടുയാത്ര. രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് നേതൃനിരയിലെത്തിയ രമ്യയ്ക്ക്, പരിസ്ഥിതി, ദളിത് സമരങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രവുമുണ്ട്. വോട്ട് തേടി എത്തുമ്പോൾ എല്ലാവർക്കും രമ്യയുടെ പാട്ട് കേൾക്കണം. ഇതിനിടയിലാണ് പാട്ടുപാടിയുളള പ്രചാരണം വിവാദമായത്. കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് പാട്ടുപ്രചാരണത്തെ വിമർശിച്ചപ്പോൾ വി.ടി.ബൽറാമും അനിൽ അക്കരയും അടക്കമുള്ള കോൺഗ്രസ് എം.എൽ.എമാർ കൊമ്പുകോർക്കാനെത്തി. സാമൂഹ്യമാദ്ധ്യമങ്ങളിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുത്തു. ഏറ്റവുമൊടുവിൽ രമ്യക്കെതിരെ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ പരാമർശവും വിവാദമായി. ശക്തമായ പോരാട്ടത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.

ഗ്രാമീണവികസനം നിരത്തി ബിജു
സാധാരണക്കാർക്കും കർഷകർക്കും വേണ്ടി രൂപംകൊടുത്ത പദ്ധതികളാണ് ഇടതു സ്ഥാനാർത്ഥി ഡോ.പി.കെ ബിജു ചൂണ്ടിക്കാട്ടുന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും നടത്തിയ വികസനങ്ങളും ആ പട്ടികയിലുണ്ട്. ഗ്രാമങ്ങളുടെ ഉന്നമനത്തിനായുളള പദ്ധതികളും എം.പി ഫണ്ടിന്റെ സഹായത്തോടെ ചെയ്തു തീർത്തു. അതുകൊണ്ടുതന്നെ രണ്ടു തവണ വിജയിച്ച പി.കെ. ബിജു മൂന്നാമതും ആലത്തൂരിന്റെ നായകനാകുമെന്ന് ഇടതുകേന്ദ്രങ്ങൾ ഉറപ്പിക്കുന്നു. പാർലമെന്റിലെ ഹാജർ, ചോദ്യങ്ങൾ, ഇടപെടലുകൾ എന്നിവയിൽ ബിജു തന്നെ ഒന്നാമതെന്ന് ഇടതുനേതാക്കൾ എടുത്തുപറയുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി മണ്ഡലം നിലനിറുത്താനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കുന്നു.

ശക്തമായ സാന്നിദ്ധ്യമായി ടി.വി.ബാബു

ബി.ഡി.ജെ.എസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവാണ്. ഇരുപക്ഷത്തെയും ഒരുപോലെ ആക്രമിച്ചാണ് ടി.വി. ബാബു പ്രചാരണം കൊഴുപ്പിക്കുന്നത്. കർഷകരുടെയും താെഴിലാളികളുടെയും പരാതികൾക്കും ആവശ്യങ്ങൾക്കും ദുരിതകഥകൾക്കും ക്ഷമയോടെ കാതോർത്തും ബാബു പ്രചാരണത്തിൽ ശ്രദ്ധേയനാകുന്നു. ബാബുവിന്റെ മുന്നിലെത്തിയ വോട്ടർമാരിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് കാലങ്ങളായി അനുഭവിക്കുന്ന അവഗണനയുടെയും വഞ്ചനകളുടെയും കഥകളായിരുന്നു. 'കർഷക കുടുംബത്തിൽ ജനിച്ച് കർഷകനായി ജീവിക്കുന്ന എനിക്ക് ഈ വിഷമങ്ങൾ മനസിലാകും. നിങ്ങൾക്കെന്നെ സഹോദരനെപ്പോലെ കാണാം.' ടി.വി. ബാബു പരാതിക്കാരെ പുറത്തുതട്ടി ആശ്വസിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ വികസനനേട്ടങ്ങളാണ് പ്രധാനമായും എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്നത്.

കെ.ആർ. നാരായണന് ശേഷം

പഴയ ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗങ്ങൾ ചേർന്നാണ് സംവരണ മണ്ഡലമായ ആലത്തൂരിന്റെ പിറവി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഒറ്റപ്പാലത്തിന്റെ പ്രതിനിധിയായിരുന്നു. അദ്ദേഹമാണ് സി.പി.എമ്മിൽ നിന്ന് ഒറ്റപ്പാലം മണ്ഡലം പിടിച്ചെടുത്തത്. മൂന്നു തവണ നാരായണൻ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. നാരായണൻ ഉപരാഷ്ട്രപതിയായതോടെ കോൺഗ്രസിന് ഒറ്റപ്പാലം നഷ്ടപ്പെട്ടു. എസ്. ശിവരാമനും എസ്. അജയകുമാറുമാണ് പിന്നീട് ജയിച്ചുകയറിയത്. ആലത്തൂർ വന്നതോടെ പി.കെ. ബിജുവും ആധിപത്യം നിലനിറുത്തി.

ഇഞ്ചോടിഞ്ച്

മൂന്നാംതവണ തിരഞ്ഞെടുപ്പ് നടക്കുന്ന ആലത്തൂരിൽ അട്ടിമറി സാദ്ധ്യതയാണ് യു.ഡി.എഫ് മുന്നിൽക്കാണുന്നത്. കോൺഗ്രസ് നേതാവായ കെ. അച്യുതന്റെ തട്ടകമായ ചിറ്റൂരിലാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ, ജനതാദൾ എസ് നേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യം അവരെ അലട്ടുന്നുണ്ട്. തൃശൂരിലെ മണ്ഡലങ്ങൾ എൽ.ഡി.എഫിന് അനുകൂലമാണെങ്കിലും കുന്ദംകുളവും വടക്കാഞ്ചേരിയും മാറിമറിയാം. ചേലക്കര മൂന്നുപതിറ്റാണ്ടോളമായി എൽ.ഡി.എഫിന്റെ സ്വന്തമാണ്. വടക്കാഞ്ചേരിയിൽ 1977 ൽ തുടങ്ങിയ കോൺഗ്രസ് തേരോട്ടം 2004 ലാണ് തകർന്നത്. 2011 മുതൽ വീണ്ടും യു.ഡി.എഫ് തിരിച്ചുപിടിച്ചു. 2016ൽ 43 വോട്ടിനാണ് കോൺഗ്രസിന്റെ അനിൽ അക്കര എം.എൽ.എ ആയത്.

2014 ലെ വോട്ടുനില:

പി.കെ.ബിജു (സി.പി.എം): 4,11, 808

ഇ.കെ.ഷീബ (കോൺഗ്രസ്): 3,74, 496

ഷാജുമോൻ വട്ടേക്കാട് (ബി.ജെ.പി): 87,803

പി.കെ.ബിജുവിന്റെ ഭൂരിപക്ഷം: 37,312