ksrtc
കണ്ടക്ടർ ഷാജിയും ഡിപ്പോ അധികൃതരും ചേർന്ന് മാള സി.ഐ പി.എം. ബൈജുവിന്റെ സാന്നിദ്ധ്യത്തിൽ നിഷയ്ക്ക് താലിമാല കൈമാറുന്നു

മാള: കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറുടെ സത്യസന്ധതയിൽ വീട്ടമ്മയ്ക്ക് കളഞ്ഞുപോയ താലിമാല തിരികെ ലഭിച്ചു. മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ കൊമ്പത്തുകടവ് മേക്കാട്ടുപറമ്പിൽ എം.എക്സ് ഷാജിയാണ് ബസിൽ നിന്ന് ലഭിച്ച മൂന്നു പവന്റെ താലിമാല തിരികെ നൽകിയത്. പൂവ്വത്തുശ്ശേരി സ്വദേശി ഇരുമ്പൻ പോൾ ജോസിന്റെ ഭാര്യ നിഷയുടെ മാലയാണ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്.

രാവിലെ മാള- ആലുവ ബസിൽ പൂവത്തുശ്ശേരിയിൽ നിന്ന് കയറിയ നിഷ അത്താണിയിൽ ഇറങ്ങി അങ്കമാലിയിലേക്ക് പോവുകയായിരുന്നു. അത്താണിക്ക് ശേഷം പോസ്റ്റ് ഓഫീസ് സ്ഥലത്ത് വെച്ചാണ് കണ്ടക്ടർക്ക് ബസിന്റെ ചവിട്ടുപടിയിൽ നിന്ന് മാല ലഭിച്ചത്. മാല ബസിൽ വെച്ച് നഷ്ടമായെന്ന് തിരിച്ചറിഞ്ഞ നിഷ മാള കെ.എസ്.ആർ.ടി.സി.ഡിപ്പോയിലേക്ക് അറിയിക്കുകയായിരുന്നു. അതിനിടയിൽ മാല ലഭിച്ച വിവരം കണ്ടക്ടർ ഷാജി ഡിപ്പോയിൽ അറിയിച്ചിരുന്നു. ബസ് തിരിച്ചെത്തിയപ്പോൾ മാള പൊലീസിന് ഡിപ്പോ അധികൃതർ മാല കൈമാറി.തുടർന്ന് കണ്ടക്ടർ ഷാജിയും ഡിപ്പോ അധികൃതരും ചേർന്ന് മാള സിഐ പി.എം. ബൈജുവിന്റെ സാന്നിദ്ധ്യത്തിൽ നിഷയ്ക്ക് കൈമാറി.