തൃശൂർ: ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ കരുതലോടെ പരിപാലിക്കുന്ന അമ്മമാരുടെ നാട്ടിലാണ് സ്വന്തം കുഞ്ഞിനെ കാമുകൻ മൃതപ്രായനാക്കുന്നത് നോക്കി നിൽക്കേണ്ടി വരുന്ന അമ്മമാരുള്ളതെന്നത് ദൗർഭാഗ്യകരമെന്ന് മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. അഡാപ്റ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ തൃശൂരിൽ സംഘടിപ്പിച്ച ഓട്ടിസം ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈക്കോടതി മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ.
ആർദ്രതയും കാരുണ്യവും ഇപ്പോൾ സമൂഹത്തിലില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഓട്ടിസം ഒരു അസുഖമല്ലെന്നും അവസ്ഥയാണെന്നുമുള്ളത് നാം മനസിലാക്കണം. അവരെ കരുതലോടെയും സ്‌നേഹത്തോടെയും പരിപാലിച്ച് പ്രാപ്തരാക്കി മാറ്റണം. ഇതിന് സമൂഹത്തിന് ശരിയായ ബോധവത്കരണം ആവശ്യമാണെന്നും കെമാൽ പാഷ കൂട്ടിചേർത്തു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായി. ഭിന്നശേഷിക്കാരായ മുതിർന്നവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കാര്യാട്ടുകരയിലെ അമ്മയുടെ സ്ഥാപകയും സെക്രട്ടറിയുമായ ഡോ. പി. ഭാനുമതിയെ ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ച വയ്ക്കുന്നവരേയും ആദരിച്ചു. നാടകീയാവിഷ്‌കാരം, നാട്യശിൽപ്പങ്ങൾ, വീൽചെയർ ഡാൻസ്, ഗാനങ്ങൾ, നാടൻപാട്ട്, തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. കലാമേഖലയിൽ മികവാർന്ന പ്രകടനം കാഴ്ച വച്ച ഭിന്നശേഷിക്കാരായ കുട്ടികളെ അനുമോദിച്ചു. സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ വിശിഷ്ടാതിഥിയായിരുന്നു. സൊസൈറ്റി പ്രസിഡന്റ് എ.വി. സണ്ണി, സെക്രട്ടറി പന്തളം എൻ. സജിത്ത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നാടകപ്രവർത്തകൻ കെ.വി. ഗണേഷ് ഓട്ടിസം ദിനാചരണ സന്ദേശം നൽകി.