ആലത്തൂർ : എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ കോഴിക്കോടും പൊന്നാനിയിലും നടത്തിയ അശ്ലീല പരാമർശത്തിനെതിരെ ആലത്തൂർ യു.ഡി.എഫ് പാർലമെന്റ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തന്റെ സ്ത്രീത്വത്തെയും അഭിമാനത്തെയും സമൂഹത്തിലുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയിൽ പൊതുജനമദ്ധ്യത്തിൽ പ്രസംഗിച്ചത് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതി—പട്ടികവർഗ്ഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിദ്ധ്യ നിയമനുസരിച്ചും കുറ്റകരമാണ്. ആയതിനാൽ ആവർത്തിച്ചാവർത്തിച്ച് ഇത്തരത്തിൽ അപമാനിക്കുന്ന മുൻ എം.പി കൂടിയായ എ. വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.