കയ്പ്പമംഗലം: വൈകിയാണെങ്കിലും തിരഞ്ഞെടുപ്പു പ്രചരണത്തിനായി കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെത്തിയ ചാലക്കുടി പാർലിമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെ 'ബെന്നി ചേട്ടന് ഒരു വോട്ട് , രാഹുലിന് ഒരു കൂട്ട്' എന്ന മുദ്രാവാക്യവുമായാണ് കയ്പ്പമംഗലം ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ അണികൾ അവേശപൂർവം എതിരേറ്റത്. എടത്തിരുത്തിയിൽ രാവിലെ ആരംഭിച്ച ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പു പര്യടനം പൈനൂരിൽ മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചൂലൂർ, പുളിച്ചോട്, കുട്ടമംഗലം, മുനയം, എടത്തിരുത്തി ബസാർ, സിറാജ് നഗർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലും കയ്പ്പമംഗലം പഞ്ചായത്തിലെ കൂരിക്കുഴി, കാക്കാത്തിരുത്തി, വഞ്ചിപ്പുര, മൂന്നുപീടിക തുടങ്ങിയ സ്ഥലങ്ങളിലും, പെരിഞ്ഞനം പഞ്ചായത്തിലെ കുറ്റിലക്കടവ്, കോവിലകം, താടിവളവ്, കൊറ്റംകുളം സെന്റർ, ചക്കരപ്പാടം എന്നീ കേന്ദ്രങ്ങളിലും സ്വീകരണം നൽകി. യു.ഡി.എഫ് നേതാക്കളായ കെ.എഫ്. ഡൊമിനിക്, പി.എം.എ ജബ്ബാർ, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, പി.ബി. താജുദ്ദീൻ, സജയ് വയനപ്പിള്ളി, നൗഷാദ് ആറ്റുപറമ്പത്ത്, കെ.കെ. അഫ്‌സൽ, ശോഭ സുബിൻ, ടി.കെ. നസീർ, ടി.കെ. പ്രകാശൻ, ഉമറുൽ ഫറൂഖ്, സുരേഷ് കൊച്ചുവീട്ടിൽ, സി.ജെ. പോൾസൺ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു..