u-s-sasi
മുൻ എം.എൽ.എ യു.എസ്. ശശിയും ഭാര്യ ശശികലയും.

മാള: കരിങ്കാലിയെന്ന് വിളിച്ച നാവുകൊണ്ട് കെ. കരുണാകരനായി പ്രസംഗിക്കാൻ പോയതിന്റെ പിന്നിലെ സൂത്രവാക്യം മുൻ എം.എൽ.എ കൂടിയായ യു.എസ്. ശശിയുടെ ഓർമ്മയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. 1977 ൽ കോൺഗ്രസ് മുന്നണിയിൽ സി.പി.ഐ ചേർന്നപ്പോഴായിരുന്നു സംഭവം. അന്നത്തെ യുവജന വിഭാഗത്തിന് മാളയിൽ നേതൃത്വം നൽകിയ എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയായിരുന്നു യു.എസ്. ശശി.

ലീഡറുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്ന് ഈ പ്രധാന വിഭാഗം വിട്ടുനിന്നതോടെ,​ ചർച്ചയായി. ഒരു ദിവസം ലീഡർ മാളയിൽ പ്രചരണത്തിനിറങ്ങിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപെട്ടു. തുടർന്ന് യു.എസ്. ശശിയെയും യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ചാക്കോ പാത്താടനെയും വിളിപ്പിച്ചു. അടുത്ത ദിവസം മുന്നിലെത്തിയ ഇരുവരോടും കരുണാകരൻ നിർദ്ദേശം വച്ചു. കാർ വിളിച്ച് പോയി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കണം. അതുവരെ ഉണ്ടായിരുന്ന വിയോജിപ്പുകൾ കരുണാകരനുമായുള്ള കൂടിക്കാഴ്ചയിൽ ഇല്ലാതായി. പിറ്റേന്ന് ഇരുവരും ഒരുമിച്ച് നിരവധി സ്ഥലങ്ങളിൽ പ്രസംഗിച്ചു. കരുണാകരന് എതിരായി മത്സരിച്ചത് സി.പി.എം സ്ഥാനാർത്ഥി പോൾ കോക്കാട് ആയിരുന്നു. അതുവരെ മോശമായി പറഞ്ഞ വാക്കുകൾ വിഴുങ്ങി കരുണാകരന് വേണ്ടി പ്രസംഗിച്ച് വോട്ടു പിടിക്കേണ്ടി വന്നത് മറക്കാനാവാത്ത ഓർമ്മയാണെന്ന് യു.എസ്. ശശി പറഞ്ഞു.

കരുണാകരൻ മണ്ഡലം വിട്ടതോടെ 1996 ൽ വിജയിച്ച വി.കെ. രാജന്റെ നിര്യാണത്തെ തുടർന്ന് 1998 ഫെബ്രുവരിയിലെ ഉപതിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ടി.യു. രാധാകൃഷ്ണനെ 287 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കന്നി അങ്കത്തിൽ വിജയിച്ചത്. തുടർന്ന് സത്യപ്രതിജ്ഞയ്ക്ക് പോയതും മറക്കാനാകാത്ത അനുഭവമായി. മാളയിലെ ബാലന്റെ ടാക്‌സി കാറിലായിരുന്നു സത്യപ്രതിജ്ഞയ്ക്ക് പോയത്. സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്ന മാർച്ച് ഒമ്പതിന് തലേന്ന് രാത്രി ടാക്‌സി വിളിച്ച് വി.പി. മാധവൻ, വി.പി. അറുമുഖൻ, ഒ.എം. പുഷ്പൻ എന്നിവരോടോപ്പമാണ് തിരുവനന്തപുരത്തേക്ക് പോയത്. തൈക്കാട് അതിഥി മന്ദിരത്തിലായിരുന്നു വിശ്രമം. ആദ്യമായാണ് തിരുവനന്തപുരത്ത് പോയതെന്നും ശശിയേട്ടന്റെ സഹപ്രവർത്തകൻ സി.ബി. സ്വാമിനാഥന്റെ സുഹൃത്തിന്റെ കാറിലാണ് നിർബന്ധപൂർവം കൊണ്ടുപോയതെന്നും ഭാര്യ ശശികല പറയുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് സ്പീക്കർ എം. വിജയകുമാർ ഹസ്തദാനം ചെയ്യുന്ന ചിത്രം കേരള കൗമുദി പ്രസിദ്ധീകരിച്ചത് മറക്കാനാകില്ല. ആ പത്രം നിധിപോലെ ഇന്നുമുണ്ടെന്നും ശശികല പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലൂടെ എം.എൽ.എ ആയ യു.എസ്. ശശിക്ക് മൂന്ന് വർഷവും രണ്ട് മാസവും കാലാവധി ലഭിച്ചു. തുടർന്ന് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടി.യു. രാധാകൃഷ്ണനോട് പരാജയപ്പെടുകയും ചെയ്തു.