sura

തൃശൂർ:എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ്‌ഗോപി കളത്തിലിറങ്ങുമ്പോൾ സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂർ മാറും. വിജയം അനായാസമെന്ന് കരുതിയ ഇടതുവലതുമുന്നണികൾക്ക് എൻ.ഡി.എയുടെ രാഷ്ട്രീയ ശക്തിക്ക് പുറമെ സുരേഷ് ഗോപിയുടെ താരപ്രഭാവവും മറികടക്കേണ്ടി വരും.

ഇടതുവലതു മുന്നണികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയെങ്കിലും സ്ഥാനാർത്ഥി സുരേഷ് ഗോപിയായാൽ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എൻ.ഡി.എ ജില്ലാ നേതൃത്വത്തിനില്ല. കുടുംബയോഗങ്ങളും സദസുകളുമായി നേരത്തേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ രണ്ടുദിവസത്തെ പ്രചാരണം കൂടുതൽ ഓളമുണ്ടാക്കിയെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈഴവ, നായർ, ക്രൈസ്തവ വോട്ടുകൾ നിർണായക ശക്തിയായ തൃശൂരിൽ സുരേഷ്‌ഗോപിയുടെ സ്ഥാനാർത്ഥിത്വം സാമുദായിക സമവാക്യങ്ങൾക്ക് കൂടി അനുകൂലമാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ട് വർദ്ധന കണക്കാക്കി തങ്ങളുടെ കരുത്ത് ഇരട്ടിയായെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. യു.ഡി.എഫിനു കിട്ടിയിരുന്ന വോട്ടുകളാണ് ബി.ജെ.പിയിലേക്കു മറിഞ്ഞതെന്ന് വാദിക്കുന്നവരുണ്ട്. അതു ശരിയല്ലെന്നാണു കോൺഗ്രസിന്റെ വാദം.
ശക്തമായ അടിയൊഴുക്കിൽ രാഷ്ട്രീയ തന്ത്രജ്ഞനായ കെ. കരുണാകരനെപ്പോലും തോൽപ്പിച്ച മണ്ഡലമാണ് തൃശൂർ.പത്തുതവണ ഇടത്തോട്ടും അഞ്ചുതവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള എ കാറ്റഗറിയിലാണ് എൻ.ഡി.എ നേതൃത്വം ഉൾപ്പെടുത്തിയിട്ടുള്ളത്. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി കൂടുതൽ വോട്ടു നേടിയ ജില്ലയാണ് തൃശൂർ.

സുരേഷ്‌ ഗോപി ഇന്നെത്തും

നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തുമെന്നാണ് വിവരം. രാവിലെ ഗുരുവായൂർ ദർശനത്തിന് ശേഷം തൃശൂരിലെ പ്രമുഖ ക്ഷേത്രങ്ങളിലും അദ്ദേഹം എത്തും. ''എല്ലാം തീരുമാനിച്ചു. ഇനി അമിത്ഷായുടെ പ്രഖ്യാപനം വരണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.