വരന്തരപ്പിള്ളി: ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വിലയിരുത്തലാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന മലയോര കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1,05,000 പേർക്ക് ഭൂമിയുടെ പട്ടയം നൽകിയതായും തൃശൂർ ജില്ലയിൽ 30,123 പേർക്ക് പട്ടയം നൽകിയതായും റവന്യൂ മന്ത്രി പറഞ്ഞു.
തൃശൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ അദ്ധ്യക്ഷനായി. മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, എൽ.ഡി.എഫ് തൃശൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി..എ. രാമകൃഷ്ണൻ, സെക്രട്ടറി വി.എസ്. പ്രിൻസ്, പി.കെ. ശിവരാമൻ, എം.പി. പോളി, രാഘവൻ മുളങ്ങാടൻ, ടി. സുരേന്ദ്രൻ, വി.എസ്. ജോഷി, എൻ.എം. സജീവൻ, സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.