തൃശൂർ : കുടിൽ രഹിത പഞ്ചായത്തെന്നറിയപ്പെടുന്ന മണലൂരിലെ 18-ാം വാർഡിൽ കാരമുക്ക് എസ്.എൻ.ജി.എസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം തകർന്നടിഞ്ഞ ഓലക്കുടിലിൽ കാൻസർ ബാധിതയായ യുവതിക്ക് ദുരിത പൂർണമായ ജീവിതം. പാണനാർ കുടുംബത്തിലെ പരേതരായ വാസുവിന്റെയും കൊച്ചമ്മിണിയുടെയും മകൾ മാലിനിയാണ് (50) ദുരിതക്കയത്തിൽ നീങ്ങുന്നത്. തല ചായ്ക്കാൻ ഉണ്ടായിരുന്ന ഓലക്കുടിൽ, കഴിഞ്ഞ പ്രളയ സമയത്ത് തെങ്ങ് വീണും ചിതലരിച്ചും നശിച്ച അവസ്ഥയിലാണ്. സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തതിനാൽ സർക്കാർ തലത്തിൽ നിന്ന് വീട് വയ്ക്കാനുള്ള ധനസഹായവും ഇല്ല. നാട്ടുകാരുടെ സഹായത്താലായിരുന്നു ഓലമേഞ്ഞ് കുടിൽ ഉണ്ടാക്കി കൊടുത്തത്. അതാണ് തെങ്ങ് വീണ് തകർന്നത്. യാതൊരു വരുമാനവും ഇല്ലാത്ത മാലിനിയുടെ അവസ്ഥ മനസിലാക്കി ആരെങ്കിലും വല്ലതും കൊടുത്താൽ മരുന്നിന് പോലും തികയില്ല. ഒരു കുടുംബക്ഷേത്ര ഭൂമിയിൽ വർഷങ്ങളായി മൂന്ന് സെന്റിൽ താമസിച്ചുവരികയാണ്. ഈ മൂന്ന് സെന്റ് ഭൂമി സ്വന്തം പേരിൽ അല്ലാത്തതിനാൽ വീട് വയ്ക്കാനുള്ള ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. ഇതിനായി മുട്ടാത്ത വാതിലുകളില്ലെന്ന് മാലിനി പറയുന്നു. അച്ഛനും അമ്മയും ചേച്ചിയും അസുഖം ബാധിച്ച് മരിച്ചതോടെ മസ്തിഷ്‌ക കാൻസർ ബാധിതയായ മാലിനി ഒറ്റയ്ക്ക് ഈ തകർന്നടിഞ്ഞ കുടിലിൽ കഴിയുന്നത്...