തൃശൂർ: താരപ്രഭയുമായി എൻ.ഡി.എ വീണ്ടും കളത്തിൽ. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ നിയോഗിച്ചതോടെ തൃശൂരിൽ ചെറിയ ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായ നടൻ സുരേഷ് ഗോപിയെ അങ്കത്തട്ടിലേക്ക് എൻ.ഡി.എ ഇറക്കിയതോടെ പോരിൽ പിന്നോട്ടില്ലെന്ന സന്ദേശം കടുപ്പിച്ചു. ഇതോടെ തൃശൂരിൽ ശക്തമായ ത്രികോണ മത്സരത്തിനും കളമൊരുങ്ങി.

സുരേഷ് ഗോപി എത്തുമ്പോൾ കൂടുതൽ പരിചയപ്പെടുത്തലുകൾ വേണ്ടെന്നതാണ് എൻ.ഡി.എയുടെ ആശ്വാസം. രണ്ടുദിവസം പ്രചരണം നടത്തി മണ്ഡലത്തിൽ ശ്രദ്ധ നേടിയതിനിടയിലായിരുന്നു ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം തുഷാർ വയനാട്ടിലേക്ക് പോയത്. ഇതേത്തുടർന്ന് തങ്ങൾക്ക് അനുവദിച്ച തൃശൂർ സീറ്റ് ബി.ജെ.പിക്ക് ബി.ഡി.ജെ.എസ് വിട്ടുനൽകുകയായിരുന്നു. എന്നാൽ സ്ഥാനാർത്ഥി ആരെന്നതിൽ അനിശ്ചിതത്വം തുടർന്നു.

ജില്ലയിൽ നിന്നുള്ള നേതാക്കളടക്കം പലരുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും കേന്ദ്രനേതൃത്വം രാജ്യസഭാ അംഗമായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സുരേഷ് ഗോപി വരുന്നതോടെ ശക്തമായ മത്സരമാകും തൃശൂരിൽ അരങ്ങേറുക. സുരേഷ് ഗോപിയുടെ താരപ്രഭ എൻ.ഡി.എയ്ക്ക് ഏറെ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് നേതൃത്വം. മറ്റ് രണ്ട് മുന്നണികളും പ്രചരണ രംഗത്ത് ഏറെ മുന്നിലാണെങ്കിലും സുരേഷ് ഗോപി എത്തുന്നതോടെ ഇത് മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നിഷ്‌പക്ഷ വോട്ടുകളും ആകർഷിക്കാൻ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് രാത്രി ഗുരുവായൂരിൽ എത്തുന്ന സുരേഷ് ഗോപി നാളെ പുലർച്ചെ വാകച്ചാർത്ത് തൊഴുത്ത ശേഷം തൃശൂരിലെത്തും. നാളെ രാവിലെ പത്രികാ സമർപ്പണത്തിന് ശേഷമാകും പ്രചരണ രംഗത്തേക്ക് ഇറങ്ങുക.

ശക്തനായ സ്ഥാനാർത്ഥി

ബി.ജെ.പി കേന്ദ്രനേതൃത്വം തൃശൂരിലേക്ക് ശക്തനായ സ്ഥാനാർത്ഥിയെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുലിനെതിരെ ശക്തനായ തുഷാർ മത്സരിക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ സുരേഷ് ഗോപിയെ കൊണ്ടുവന്നത് ഇതിന്റെ തെളിവാണ്.

- എ. നാഗേഷ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്