തൃശൂർ: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പരാമർശത്തെക്കുറിച്ച് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങുകയും പ്രചാരണവേദികളിൽ ഈ വിഷയം യു.ഡി.എഫ് ആയുധമാക്കുകയും ചെയ്തോടെ നുരഞ്ഞ് പൊങ്ങിയ വിവാദം ഒടുങ്ങിയില്ല.
'ആലത്തൂരിലെ സ്ഥാനാർത്ഥി പെൺകുട്ടി, ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാൻ വയ്യ. ' എന്നായിരുന്നു പൊന്നാനിയിൽ എൽ.ഡി.എഫ് കൺവെൻഷനിടെ വിജയരാഘവന്റെ വിവാദ പരാമർശം. സ്ത്രീത്വത്തെ അവഹേളിച്ച വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. വിജയരാഘവന്റെ പരാമർശം തന്നെ വേദനിപ്പിച്ചു എന്ന് രമ്യ പ്രതികരിച്ചു. പ്രസംഗം വഴിതിരിച്ചു വിടുകയായിരുന്നുവെന്ന് വിജയരാഘവൻ വിശദീകരിച്ചു. രമ്യയെ ആക്ഷേപിച്ചിട്ടില്ലെന്നും ആലത്തൂരിലെ ജനങ്ങൾ എല്ലാം തിരിച്ചറിയുമെന്നും ഇടതു സ്ഥാനാർത്ഥി പി.കെ. ബിജുവും തൊട്ടുപിന്നാലെ വ്യക്തമാക്കി. 'രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു' എന്ന് മാർച്ച് 30 ന് വിജയരാഘവൻ കോഴിക്കോട്ടും പ്രസംഗിച്ചിരുന്നു.
അതേസമയം, നേതാക്കളും ഇടത് അനുഭാവികളും നടത്തുന്ന പരാമർശങ്ങളെ ന്യായീകരിക്കേണ്ടി വരുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇടതുക്യാമ്പ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതുവരെ അധികമാരും അറിയാതിരുന്ന രമ്യ, സാമൂഹികമാദ്ധ്യമങ്ങളിൽ താരമാകുന്നത് എൽ.ഡി.എഫിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. ഇടതുമുന്നണിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. പി.കെ. ബിജു വീണ്ടും സ്ഥാനാർത്ഥിയാകുന്നതോടെ മത്സരം കടുക്കില്ലെന്നായിരുന്നു ഇടതുകേന്ദ്രങ്ങളുടെ വിലയിരുത്തൽ. രമ്യാ ഹരിദാസ് പ്രചാരണരംഗത്ത് പാട്ടുപാടി കൈയടി വാങ്ങാൻ തുടങ്ങിയതിന് പിന്നാലെ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെയാണ് ആദ്യവിവാദം തലപൊക്കിയത്. വി.ടി.ബൽറാമും അനിൽ അക്കരയും അടക്കമുള്ള കോൺഗ്രസ് എം.എൽ.എമാർ വിഷയം പ്രചാരണവിഷയമായി ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു വിജയരാഘവന്റെ വിവാദപരാമർശം. സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവൻ അധിക്ഷേപിച്ചതെന്ന് ഉമ്മൻചാണ്ടിയും സി.പി.എം പരസ്യമായി മാപ്പുപറയണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചിരുന്നു.
വിജയരാഘവനെ അറസ്റ്റു ചെയ്യണം: ബി.ഡി.ജെ.എസ്
രമ്യ ഹരിദാസിനെ പരസ്യമായി അപമാനിച്ച മുതിർന്ന നേതാവ് എ.വിജയരാഘവനെതിരെ കേസെടുക്കാതിരിക്കാൻ കോൺഗ്രസ്- മാർക്‌സിസ്റ്റ് ദേശീയ ബാന്ധവം തടസമാകരുതെന്ന് ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിയും ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ടി.വി. ബാബു പറഞ്ഞു.
കുഞ്ഞാലിക്കുട്ടി സംഭവവുമായി ബന്ധിപ്പിച്ച് പുറത്തു വന്ന വാചകങ്ങളും അദ്ദേഹത്തിന്റെ ശരീര ഭാഷയും ശ്രദ്ധിച്ചിട്ടുള്ള പൊലീസിന് കെെയും കെട്ടിയിരിക്കാനാവില്ല. ആലത്തൂരിലെ സ്ഥിതിഗതികൾ എൽ.ഡി.എഫിന് എതിരായതാണ് അദ്ദേഹത്തെ പ്രകോപ്പിച്ചതെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ഡി.ജി.പിയോടും മുഖ്യമന്ത്രിയോടും ടി.വി. ബാബു ആവശ്യപ്പെട്ടു.