ചാലക്കുടി: കാലം കഴുകി കളയാത്ത തിരഞ്ഞെടുപ്പ് ഓർമ്മകളുമായി പുഷ്പഗിരിയിലെ മുക്കാൽച്ചാൻ ഷെഡ്. മൂന്നര പതിറ്റാണ്ട് മുമ്പു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണമാണ് ചാതേലി ജേക്കബ്ബിന്റെ മതിലിനോട് ചേർന്ന ചെറിയ മുറിയുടെ ചുവരിൽ ഇന്നും അടയാളമായി കിടക്കുന്നത്. ആന അടയാളത്തിൽ വോട്ട് ചെയ്ത് നമ്മുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയ വികൃതമായ കരവിരുതിനാൽ കുറിച്ചിട്ടിരിക്കുന്നു. ഒപ്പം രണ്ടു ആനകളുടെ ചിത്രവുമുണ്ട്.

1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻദാസിനു വേണ്ടിയുള്ള പ്രചരണമായിരുന്നു ഇത്. കേരള കോൺഗ്രസിൽ മത്സരിച്ച ഇരിങ്ങാലക്കുടക്കാരൻ മോഹൻദാസ് ആ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.എം. ലോറൻസിനെ പരാജയപ്പെടുത്തുകയും ചെയ്തു. നമ്മുടെ സ്ഥാനാർത്ഥി ആന, നമ്മുടെ അടയാളം.......... ഏതോ ഒരു വിരുതൻ അക്കാലത്ത് കാറിലിരുന്നു മൈക്കിലൂടെ തെറ്റായി വിളിച്ചുപറഞ്ഞ പ്രചരണ വേളയും ഇതോടൊപ്പം പരിസരവാസികൾ ഓർത്തെടുത്തു.

ചാതേലി ജേക്കബ്ബ് ഇടതുപക്ഷ അനുകൂലിയും പ്രവർത്തകനുമായിരുന്നു. എന്നാൽ തന്റെ കടമുറിയുടെ ചുവരിൽ എതിർ വിഭാഗക്കാർ എഴുതിയ തിരഞ്ഞെടുപ്പ് പ്രചരണം അദ്ദേഹത്തെ അഹിഷ്ണുവാക്കിയില്ല. അല്ലായിരുന്നുവെങ്കിൽ പതിറ്റാണ്ടുകൾ പിന്നിട്ട ഓർമ്മകളുമായി അതിവിടെ കാണുമായിരുന്നില്ല.