ഇരിങ്ങാലക്കുട: 1987, മാള. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരെയായിരുന്നു ഇരിങ്ങാലക്കുടക്കാരിയായ പ്രൊഫ. മീനാക്ഷി തമ്പാന്റെ തന്റെ ആദ്യ അങ്കം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു അന്ന്. രാഷ്ട്രീയപാരമ്പര്യമുള്ള തറവാട്ടിലാണ് മീനാക്ഷിതമ്പാൻ ജനിച്ചത്. പാലക്കാട് കൊല്ലങ്കോട് വടവന്നൂരിൽ ജനിച്ച മീനാക്ഷിതമ്പാന്റെ അമ്മാവൻ പി. ബാലചന്ദ്രമേനോൻ രാജ്യസഭാ എം.പിയും എം.എൽ.എയും ഒക്കെയായിരുന്നു.
സി.പി.ഐ നേതാവും ഇരിങ്ങാലക്കുടയിലെ പ്രമുഖ അഭിഭാഷകനുമായ കെ.ആർ. തമ്പാനെ വിവാഹം ചെയ്തശേഷമാണ് സി.പി.ഐയിൽ അംഗത്വമെടുക്കുന്നത്. 1975ൽ കേരള മഹിളാ സംഘത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗിക്കാനുള്ള കഴിവ് രാഷ്ട്രീയരംഗത്ത് ഏറെ മുതൽക്കൂട്ടായി. മുഖ്യമന്ത്രി കരുണാകരൻ മത്സരിക്കുന്നത് കൊണ്ടുതന്നെ മാളയിലെ ആദ്യത്തെ മത്സരം കേരളത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. സ്ഥാനാർത്ഥിയാകുന്നതിനെ വീട്ടുകാർ ശക്തമായി എതിർത്തെങ്കിലും ഭർത്താവ് കെ.ആർ. തമ്പാൻ നൽകിയ പിന്തുണയോടെ രംഗത്തിറങ്ങുകയായിരുന്നു. കേരളത്തിലെ അക്കാലത്തെ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെടാൻ അന്നത്തെ തിരഞ്ഞെടുപ്പ് സഹായിച്ചു. 6000 വോട്ടുകൾക്കാണ് അന്ന് കരുണാകരനോട് പരാജയപ്പെട്ടത്.
1989-ൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടി മീനാക്ഷി തമ്പാനെ രണ്ടാമതും രംഗത്തിറക്കിയെങ്കിലും കോൺഗ്രസിലെ പി.എ. ആന്റണിയോട് അയ്യായിരത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടു. 1991ൽ ആണ് ടീച്ചർ കൊടുങ്ങല്ലൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ലീം ലീഗിലെ ടി.എ. അഹമ്മദ് കബീറിനെ 11,000 ത്തിലേറെ വോട്ടുകൾക്കാണ് അന്ന് പരാജയപ്പെടുത്തിയത്. 96ൽ രണ്ടാം തവണയും കൊടുങ്ങല്ലൂരിൽ വിജയിച്ചു. ഗൗരിയമ്മയുടെ ജെ.എസ്.എസിലെ കെ. വേണുവായിരുന്നു എതിർ സ്ഥാനാർത്ഥി. മൂന്നാംവട്ടവും കൊടുങ്ങല്ലൂരിൽ നിന്ന് മത്സരിച്ചെങ്കിലും ജെ.എസ്.എസിലെ ഉമേഷ് ചള്ളിയിലിനോട് ടീച്ചർ പരാജയപ്പെട്ടു. പിന്നീട് ടീച്ചർ മത്സര രംഗത്തുണ്ടായിട്ടില്ല.
1996ൽ എം.എൽ.എയായിരിക്കുമ്പോഴാണ് സെന്റ് ജോസഫ്‌സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചത്. ജീവനാംശം 500 രൂപയിൽ നിന്ന് 5000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ടീച്ചർ അവതരിപ്പിച്ച സ്വകാര്യങ്ങളിൽ സർക്കാർ ഔദ്യോഗിക ബില്ലായി അവതരിപ്പിച്ച് പാസ്സാക്കിയ സംഭവം അഭിമാനത്തോടെയാണ് ടീച്ചർ ഓർക്കുന്നത്. സി.പി.ഐയുടെ ശക്തയായ വനിതാ നേതാക്കളിൽ ഒരാളായ ടീച്ചർ ശാരീരിക ക്ഷമതകൾ ഉള്ളതിനാൽ ഓടിനടന്നുള്ള പ്രവർത്തനം നടത്താൻ കഴിയാത്തതിൽ ദുഃഖിതയാണ്.
ഇരിങ്ങാലക്കുടയിൽ വിശ്രമജീവിതം നയിക്കുന്ന ടീച്ചർക്ക് കൂട്ടായി ഇപ്പോൾ വായനയും എഴുത്തുമുണ്ട്. രാഷ്ട്രീയവും ജീവിതവുമെല്ലാം ചർച്ച ചെയ്യുന്ന തന്റെ പുതിയ പുസ്തകമായ ഓർമ്മക്കുറിപ്പിന്റെ അവസാനവട്ട മിനുക്കുപണിയിലാണ് ടീച്ചർ. തൃശൂർ മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാർത്ഥി രാജാജി മാത്യ തോമസിനു വേണ്ടിയുള്ള പ്രചരണ പരിപാടികളിലും ടീച്ചർ സജീവമായി പങ്കെടുക്കുന്നുണ്ട്.