തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് പത്രിക നൽകും. ഇന്നലെ രാത്രി ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് മഞ്ജുളാൽ പരിസരത്ത് സ്വീകരണം നൽകും. ചടങ്ങിൽ വച്ച് മത്സരിക്കുന്നതിനായി കെട്ടിവയ്ക്കാനുള്ള തുക മത്സ്യത്തൊഴിലാളികൾ നൽകും. തുടർന്ന് തൃശൂരിലെത്തുന്ന അദ്ദേഹം വടക്കുന്നാഥ ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം ,പുത്തൻപള്ളി എന്നിവിടങ്ങളിൽ ദർശനം നടത്തും. പത്തിന് ബി.ജെ.പി ഓഫീസിൽ സ്വീകരണം നൽകും.

12ന് റോഡ് ഷോ നടത്തി പത്രികാ സമർപ്പണം നടത്തും. ഉച്ചയ്ക്ക് ശേഷം നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ പ്രചരണം നടത്തും. നാളെ വൈകീട്ട് നഗരത്തിൽ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി,​ രാഹുൽ ഗാന്ധിയെ നേരിടുന്നതിനായി വയനാട്ടിലേക്ക് പോയതോടെയാണ് സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. താരപ്രഭയുമായി വരുന്ന സുരേഷ് ഗോപിയിലൂടെ മണ്ഡലത്തിൽ നേട്ടം കൈവരിക്കാമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ നേതൃത്വം. അടുത്ത ദിവസം മുതൽ മണ്ഡലപര്യടനത്തിന് തുടക്കമാകും.