ഐ.ടി കമ്പനി ഉദ്യോഗസ്ഥനായ പ്രതി അറസ്റ്റിൽ
തൃശൂർ: ഫേസ് ബുക്കിലൂടെ പ്രണയത്തിലായി വിവാഹം കഴിക്കാൻ തീരുമനിച്ച ബി.ടെക് വിദ്യാർത്ഥിനിയെ കാമുകൻ വീട്ടിൽ കയറി കുത്തി മുറിവേല്പിച്ചശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. വിവാഹം കഴിക്കുന്നതിൽനിന്ന് യുവതി പിന്മാറിയതാണ് യുവാവിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ചിയ്യാരത്ത് പഴയ പോസ്റ്റോഫീസ് റോഡിൽ വത്സലാലയത്തിൽ മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം താമസിച്ചിരുന്ന നീതു (22) ആണ് മരിച്ചത്. അമേരിക്കൻ ഐ.ടി കമ്പനിയുടെ എറണാകുളത്തെ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥനായ കാമുകൻ നിതീഷിനെ (27) നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂർക്കാട്ടുപൊയിൽ സത്യനാഥൻ-രത്നകുമാരി ദമ്പതികളുടെ മകനാണ് നിതീഷ്. കോടാലിയിലെ ആക്‌സിസ് എൻജിനിയറിംഗ് കോളേജിലെ മൂന്നാംവർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനിയാണ് കൃഷ്ണകുമാറിന്റെയും പരേതയായ സുമംഗലടെയും മകൾ നീതു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാവിലെ 6.45ഓടെ അയൽവാസിയായ നീതുവിന്റെ അമ്മാവന്റെ വീട്ടിനുമുന്നിൽ ബുള്ളറ്റ് നിറുത്തിയ ശേഷം വത്സലാലയത്തിന്റെ പിറകുവശത്തെ മതിലിന്റെ ഇടിഞ്ഞ ഭാഗത്തുകൂടി കോമ്പൗണ്ടിൽ കയറിയ നിതീഷ് വീടിന് പിറകിൽ പതുങ്ങിനിന്നു. വിശാലമായ കോമ്പൗണ്ടിലുള്ള വീട്ടിൽ വത്സലമേനോനും വിജയൻമേനോനും നീതുവും മാത്രമാണ് താമസിച്ചിരുന്നത്. വത്സലമേനോൻ ഉണർന്നു അടുക്കളവാതിൽ തുറന്ന തക്കത്തിന് അകത്തുകയറിയ നിതീഷ് നീതുവിന്റെ മുറിയിൽ പ്രവേശിച്ചു. ഇവിടെ വച്ച് ഒരിക്കൽക്കൂടി വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും നീതു കൈയൊഴിഞ്ഞു. ഇതോടെ രോഷാകുലനായ നിതീഷ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് നീതുവിന്റെ കഴുത്തിലും വയറ്റിലും കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി.
ചുരിദാർ ധരിച്ചിരുന്ന നീതുവിന്റെ ദേഹത്ത് തീ ആളിപ്പടർന്നതോടെ നിലവിളിച്ചുകൊണ്ട് ബാത്തുറൂമിലേക്ക് ഓടിക്കയറി, അവിടെ വീണു മരിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടിലുണ്ടായിരുന്ന വിജയൻമേനോനും അടുത്ത വീട്ടിൽ താമസിക്കുന്ന അമ്മാവൻ വാസുദേവമേനോനും
ഓടിയെത്തിയപ്പോഴേക്കും ശരീരം പൂർണമായും കത്തിക്കരിഞ്ഞിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച നിതീഷിനെ അയൽക്കാർ പിടികൂടി കൈകാലുകൾ ബന്ധിച്ചു. നീതുവിന്റെ വീടിനെക്കുറിച്ച് വ്യക്തമായ ധാരണ നിതീഷിന് ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. നെടുപുഴ എസ്.ഐ എ. അജീഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് നിതീഷിനെയും എൻഫീൽഡ് മോട്ടോർ ബൈക്കും ബാഗും കസ്റ്റഡിയിലെടുത്തു.
വിവരമറിഞ്ഞ് കൊലപാതകം നടന്ന വീട്ടിലേക്ക് ജനപ്രവാഹമായി. ആളുകൾ വീട്ടിൽ കയറുന്നതു പൊലീസ് നിയന്ത്രിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നിതീഷിന് പൊലീസ് സ്റ്റേഷനിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. നീതുവിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും.
കുഞ്ഞിലേ അമ്മ ജീവനൊടുക്കി
നീതുവിന് എട്ടുമാസം പ്രായമുള്ളപ്പോൾ ഭർതൃവീട്ടിലുണ്ടായ കലഹത്തെ തുടർന്ന് അമ്മ സുമംഗല ജീവനൊടുക്കി. കൃഷ്ണകുമാർ മറ്റൊരു വിവാഹം കഴിച്ചു. തുടർന്ന് മുത്തച്ഛൻ വിജയൻ മേനോന്റെയും അമ്മൂമ്മ വത്സല മേനോന്റെയും സംരക്ഷണയിൽ ചിയ്യാരത്തെ വീട്ടിലായിരുന്നു നീതു വളർന്നതും ജീവിച്ചുപോന്നതും. നീതുവന് സഹോദരങ്ങളില്ല.
മൂന്നുവർഷമായി പ്രണയത്തിൽ
ഫേസ് ബുക്കിലൂടെ മൊട്ടിട്ട ഇവരുടെ പ്രണയത്തെക്കുറിച്ച് രണ്ടു വീട്ടുകാർക്കും അറിയാമായിരുന്നു. നിതീഷിന്റെ വീട്ടിലേക്ക് നീതു ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇവിടെ നടന്ന ചില ചടങ്ങുകളിൽ നീതു പങ്കെടുക്കുകയും വീട്ടുകാരോടൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. നീതുവിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നെങ്കിലും 2020നുശേഷം വിവാഹം കഴിക്കാമെന്ന് നീതു ഉറപ്പു നൽകിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അമ്മ രത്നകുമാരി നൽകിയ വാച്ച് നിതീഷ് നീതുവിന് സമ്മാനിച്ചു. ഒരാഴ്ചക്കുള്ളിൽ നീതുവും നിതീഷും തമ്മിൽ പ്രശ്നമുണ്ടാകാൻ കാരണമെന്തെന്ന് വ്യക്തമല്ല. എന്നാൽ, നീതുവിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിതീഷ് വീട്ടിലെത്തിയത്. ചിത്രം വരയ്ക്കാനും തുന്നൽപ്പണികൾ ചെയ്യാനും കഴിവുള്ള നീതു പഠിക്കാനും മിടുക്കിയായിരുന്നു. മുത്തച്ഛനും അമ്മൂമ്മയും വളരെ ലാളിച്ചാണ് നീതുവിനെ വളർത്തിയത്. അച്ഛനും അമ്മയും ഇന്നലെ രാത്രിയോടെ പൊലീസ് സ്റ്റേഷനിലെത്തി മകനെ കണ്ടു.