തൃശൂർ: ''നമ്മുടെ സ്ഥാനാർത്ഥി ഉടനെത്തും. സെൽഫിയെടുക്കാനുള്ള ആവേശത്തിൽ ആരും തിക്കും തിരക്കും കൂട്ടരുത്. അതിനുള്ള അവസരം പിന്നീടുണ്ടാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തൃശൂരിന്റെ എം.പിയായി സ്ഥാനാർത്ഥി തൃശൂരിലുണ്ടാകും.'' വാഹനത്തിൽ നിന്നുള്ള മൈക്ക് അനൗൺസ്‌മെന്റ് കേട്ടതോടെ ജനങ്ങൾ ഒന്നുകൂടി ആവേശത്തിലായി. ആർപ്പുവിളികളോടെ അവർ ഏറ്റുവിളിച്ചു. സുരേഷ് ഗോപി....കീ ജയ്...
ട്വിസ്റ്റുകൾക്ക് ശേഷം സിനിമാ ക്‌ളൈമാക്‌സ് പോലെ അവസാന നിമിഷം തൃശൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായി നറുക്കുവീണ സുരേഷ് ഗോപിയെ പാർട്ടി ജില്ലാ ഓഫീസിനടുത്ത് സ്വീകരിക്കാനെത്തിയതാണ് ജനക്കൂട്ടം. ഓട്ടിസം ബാധിച്ച കുട്ടികളെയും കൊണ്ട് മാതാപിതാക്കൾ, സ്ത്രീകൾ, കുട്ടികൾ, കോളേജ് വിദ്യാർത്ഥികൾ, പാർട്ടി നേതാക്കൾ, പ്രവർത്തകർ എന്നിവരടങ്ങിയതാണ് ജനക്കൂട്ടം. ഉച്ചയ്ക്ക് 12.30തോടെ എം.പി ബോർഡ് വച്ച ഫോർച്യൂണർ കാറിൽ സുരേഷ്‌ ഗോപിയെത്തി. തിരക്കിനിടയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിച്ച സുരേഷ് ഗോപിയുമായുള്ള നേതാക്കളുടെ ചർച്ച നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു.

ഒരു മണിയോടെ പൂക്കളാൽ അലങ്കരിച്ച തുറന്ന വാഹനത്തിൽ ജില്ലാ - സംസ്ഥാന നേതാക്കൾക്കൊപ്പം സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലേക്ക്. മുന്നിൽ നിരവധി ബൈക്കുകളിൽ പ്രവർത്തകരുടെ അകമ്പടി. അയ്യന്തോളിൽ അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പൂക്കൾ അർപ്പിച്ച ശേഷം കളക്ടറേറ്റിലെത്തി. സുരേഷ് ഗോപിയെ കാണാൻ കളക്ടറേറ്റിലെ ജീവനക്കാർക്കൂടി ഇറങ്ങിവന്നതോടെ തിക്കിലും തിരക്കിലും താരത്തിന് കളക്ടറുടെ മുറിയിലേക്കെത്താൻ പാടുപെടേണ്ടി വന്നു. പത്രിക സമർപ്പണത്തിന് ശേഷം താഴെയെത്തി കളക്ടറേറ്റ് വളപ്പിൽ ഒരു വൃക്ഷത്തൈ നട്ടു.
ബുധനാഴ്ച രാത്രി തൃശൂരിലെത്തിയ സുരേഷ് ഗോപി ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തളിക്കുളത്തെത്തി മത്സ്യത്തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെട്ടിവയ്ക്കുന്നിനുള്ള തുക ഏറ്റുവാങ്ങിയതിനു ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. വീണ്ടും ഗുരുവായൂരിലെത്തിയ ശേഷം പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. തൃശൂരിലെത്തി വടക്കുന്നാഥ ക്ഷേത്രം, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ, പുത്തൻപള്ളി എന്നിവിടങ്ങളിലെത്തി പ്രാർത്ഥന നടത്തി.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, അഡ്വ. ബി. ഗോപാലകൃഷ്ണൻ എന്നിവർ പത്രിക നൽകാൻ എത്തിയിരുന്നു. ഗുരുവായൂരിലും തൃശൂരിലും നൽകിയ സ്വീകരണ ചടങ്ങുകളിൽ എ. നാഗേഷ്, കെ.പി. ജോർജ്ജ്, കെ.കെ. അനീഷ്‌കുമാർ, അഡ്വ. ഉല്ലാസ് ബാബു, പി.എം. ഗോപിനാഥ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, അനീഷ് സി.ആർ, ജസ്റ്റിൻ ജേക്കബ്ബ്, രവികുമാർ ഉപ്പത്ത്, അഡ്വ. ഇ.വി. കൃഷ്ണൻ നമ്പൂതിരി, പി. ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് വൈകീട്ട് അഞ്ചി നഗരത്തിൽ റോഡ് ഷോ നടക്കും.