തൃശൂർ: ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയിൽ തിമിർത്തു പെയ്ത വേനൽമഴയിൽ തൃശൂർ കുളിർത്തു. വൈകിട്ട് നാല് മണിയോടെയാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തത്. പലയിടത്തും ഐസ് കഷണങ്ങളും വീണതായി പറയുന്നു. തൃശൂർ എം.ഒ റോഡിൽ സബ് വേ നിർമ്മാണം പൂർത്തിയായ ഭാഗത്ത് മണ്ണ് ഇടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. അയ്യന്തോൾ ഉദയനഗറിൽ കാറിന് മുകളിൽ മരം വീണു.
പ്രചാരണവഴികളിൽ പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും മഴ ആശ്വാസമായി. 'നോമിനേഷൻ കൊടുത്തിറങ്ങിയ നിമിഷം ദൈവാനുഗ്രഹം മഴയായി പെയ്തിറങ്ങിയപ്പോൾ' എന്ന് തൃശൂർ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഫേസ് ബുക്കിൽ ഫോട്ടോയുടെ ഒപ്പം കുറിച്ചിട്ടു. രാവിലെ മുതൽ കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് മഴമേഘങ്ങൾ രൂപം കൊണ്ട് മഴ പെയ്യുകയായിരുന്നു.