തൃശൂർ: അന്ന് ആ കന്നി തിരഞ്ഞെടുപ്പിൽ ഈ കന്നിവോട്ടർക്ക് പ്രായം 31. 1951 ഒക്‌ടോബർ 25 ന് ആദ്യമായി ലോക്‌സഭയിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇരട്ടവോട്ട് ചെയ്ത പി. ചിത്രൻ നമ്പൂതിരിപ്പാടാണ് നൂറുവയസ് പിന്നിട്ടിട്ടും മായാത്ത സ്മരണയായി ശേഷിക്കുന്ന ആ തിരഞ്ഞെടുപ്പ് കാലം ഓർത്തെടുക്കുന്നത്.
ഒരു മണ്ഡലത്തിൽ നിന്ന് രണ്ടുപേരെ തിരഞ്ഞെടുക്കുന്നതിനാൽ രണ്ട് വോട്ടുണ്ടായിരുന്നു.
മലബാറിലെ പൊന്നാനിയിൽ നിന്ന് കോൺഗ്രസിലെ വെള്ള ഈച്ചരനും കിസാൻ മസ്ദൂർ പാർട്ടിയിലെ കെ. കേളപ്പനുമാണ് ജയിച്ചതെന്നാണ് ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഓർമ്മ. മൂക്കുതലയിലെ സ്വന്തം സ്‌കൂളിൽ തന്നെയായിരുന്നു അദ്ദേഹം വോട്ട് ചെയ്തത്. ഏതാണ്ട് ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം, സാമൂഹിക മാദ്ധ്യമങ്ങളും ന്യൂജൻ തരംഗവുമുള്ള മറ്റൊരു തിരഞ്ഞെടുപ്പ് കാലം കടന്നുപോകുമ്പോൾ, ഇന്നത്തേത് പോലെ ആരവങ്ങളും വമ്പൻപ്രചാരണങ്ങളും ഇല്ലാത്ത പഴയ ആ നിശബ്ദകാലത്തിന്റെ പൊട്ടും പൊടിയും ചെമ്പൂക്കാവിലെ വീട്ടിലിരുന്ന് അദ്ദേഹം പങ്കുവെച്ചു.
സ്ഥാനാർത്ഥികളായും വോട്ടർമാരായും ഇന്നത്തേത് പോലെ സ്ത്രീകൾ ഇല്ലായിരുന്നു. പോളിംഗ് ശതമാനം അധികമുണ്ടായിരുന്നില്ലെന്നും ചിത്രൻ നമ്പൂതിരിപ്പാട് ഓർക്കുന്നു. മദ്രാസിൽ നിന്ന് പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ പകരാവൂർ മനക്കൽ ചിത്രൻ നമ്പൂതിരിപ്പാട് മൂക്കുതലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് തന്റെ കുടുംബസ്വത്ത് ഉപയോഗിച്ച് 1946 ൽ മൂക്കുതലയിൽ സ്‌കൂളിന് തുടക്കമിട്ടിരുന്നു. അഞ്ചര ഏക്കറിലെ സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1957–ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയുടെ പ്രത്യേക താൽപര്യത്തെ തുടർന്ന് ഗവൺമെന്റിന് പി. ചിത്രൻ നമ്പൂതിരിപ്പാട് കൈമാറി.
1920 ജനുവരിയിൽ പകരാവൂർ കൃഷ്ണൻ സോമയാജിപ്പാടിന്റെയും മേലെ നരിപ്പറ്റ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം തൃശൂർ നഗരത്തിൽ താമസമായിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. സെന്റ് തോമസ് കോളേജിൽ മുണ്ടശേരി മാഷുടെ പ്രിയശിഷ്യനായ അദ്ദേഹം, അന്നേ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇ.കെ. നായനാരും മറ്റും പങ്കെടുത്ത വിദ്യാർത്ഥി ഫെഡറേഷന്റെ കോഴിക്കോട് സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ഡൽഹി സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
മൂക്കുതലയിൽ അദ്ധ്യാപകനായി ജീവിതം ആരംഭിച്ച അദ്ദേഹത്തിന് തലശേരിയിൽ വിദ്യാഭ്യാസ ഡയറക്ടറായി നിയമനം ലഭിച്ചു. തിരുവനന്തപുരത്ത് ജോയിന്റ് വിദ്യാഭ്യാസ ഡയറക്ടറായപ്പോഴും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച് കേരള കലാമണ്ഡലം സെക്രട്ടറിയായപ്പോഴുമെല്ലാം അദ്ദേഹം തൃശൂരിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായി. നൂറാം വയസിൽ മുപ്പതാം തവണയും ഹിമാലയം സന്ദർശിച്ച് അതിശയിപ്പിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ 'സ്മരണകളുടെ പൂമുഖം' എന്ന ആത്മകഥയും പുറത്തിറങ്ങിയിരുന്നു...