തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചു. തൃശൂർ മണ്ഡലത്തിൽ ആകെ 13 പേരും ചാലക്കുടിയിൽ 16 പേരും ആലത്തൂരിൽ 10 പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് രാവിലെ 11 മുതൽ നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആണ്.
തൃശൂർ മണ്ഡലത്തിൽ വ്യാഴാഴ്ച ആറു പേർ കളക്ടർ ടി.വി അനുപമയ്ക്ക് പത്രിക നൽകി. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ സുരേഷ് ഗോപി, ഡമ്മി സ്ഥാനാർത്ഥി പരമേശ്വരൻ, സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.എ. ചന്ദ്രൻ, എ.പി. ഹംസ, ജോർജ് മങ്കിടിയൻ, സുവിത്ത് എന്നിവരാണ് വ്യാഴാഴ്ച പത്രിക നൽകിയത്. സുരേഷ് ഗോപിയോടൊപ്പം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, തൃശൂർ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് എന്നിവർ ഉണ്ടായിരുന്നു.
പത്രികാസമർപ്പണത്തിനുശേഷം സ്ഥാനാർത്ഥികൾ കളക്ടറേറ്റ് വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. ചാലക്കുടി മണ്ഡലത്തിൽ വ്യാഴാഴ്ച ഏഴ് സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ആലത്തൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിലെ ടി.വി. ബാബു, ഡമ്മി സ്ഥാനാർത്ഥി ലോചനൻ എന്നിവർ ഉൾപ്പെടെ നാല് സ്ഥാനാർത്ഥികൾ വ്യാഴാഴ്ച പത്രിക നൽകി.
പാർട്ടി പ്രതിനിധികളുടെ യോഗം അഞ്ചിന്;
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പൊതുനിരീക്ഷകൻ പി.കെ. സേനാപതിയുടെ അദ്ധ്യക്ഷതയിൽ ഏപ്രിൽ അഞ്ചിന് രാവിലെ പത്തിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി. വി. അനുപമ അറിയിച്ചു. പൊതുനിരീക്ഷകൻ വ്യാഴാഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. പൊതുനിരീക്ഷകനുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: 9188619584.