തൃശൂർ: പാർട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിൽ ചില പോറലുണ്ടായെന്നും പോരായ്മകളുമുണ്ടായെങ്കിലും അതൊന്നും ശാശ്വതമല്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പാർട്ടിനയങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ജനങ്ങളിലെത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ്സ് ക്ലബ്ബിൽ തിരഞ്ഞെടുപ്പ് സംവാദത്തിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധനയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം കച്ചവടരംഗമായി മാറി. ഗാന്ധിയേക്കാളും ഇന്ദിരാ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ആദരിക്കുന്ന നിലയിലെത്തിയിരിക്കുകയാണ് മഹാത്മ ഗാന്ധിയുടെ പാരമ്പര്യം പിന്തുടരുന്ന യു.ഡി.എഫ്.

അനായാസം മാറ്റിവയ്ക്കാവുന്ന ബോർഡാണ് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും. രണ്ടു പാർട്ടികളുടെയും സാമ്പത്തികനയങ്ങൾ വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയരംഗം പണക്കൊഴുപ്പിന്റെയും പേശീബലത്തിന്റെയും കേന്ദ്രമായി. രാഷ്ട്രീയമൂല്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും. കേന്ദ്രത്തിൽ മതേതര സർക്കാരുണ്ടാവണമെങ്കിൽ ബി.ജെ.പിയ്ക്ക് ബദൽ വരണം. അതൊരിക്കലും കോൺഗ്രസ് ആവണമെന്നില്ല. രാഹുൽഗാന്ധിയുടെ നയങ്ങളെ കുറ്റം പറയുമ്പോഴും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാം. ഇടതുപക്ഷം രാഹുലിനെ വിമർശിക്കുന്നത് പക്വതയോടെയാണ്. രാജ്യത്തെ തീവ്രവർഗീയതയിൽ നിന്ന് രക്ഷിക്കേണ്ടത് ഇടതുപക്ഷത്തിന്റെ കൂടി ചുമതലയാണ്. കോൺഗ്രസ്സിന്റെ ഭാഗത്തുനിന്ന് തുടർച്ചയായ അപക്വതയുണ്ടാവുന്നു. അതുകൊണ്ടാണ് പേടിച്ചോടുന്ന നേതാവാണല്ലോ രാഹുൽ ഗാന്ധിയെന്ന് പറയുമ്പോൾ ശരിയാണല്ലോയെന്ന് നാട്ടുകാരും വിശ്വസിക്കുന്നത്. രാഷ്ട്രീയമായ ഹ്രസ്വദൃഷ്ടിയാണ് എന്നത്തെയും കോൺഗ്രസിന്റെ ശാപം. വർഗീയതയില്ലാത്ത പാർട്ടികൾ കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കുന്നതിൽ സി.പി.എമ്മിന് എതിർപ്പില്ലെന്നും എം.എ. ബേബി പറഞ്ഞു.

അമിക്കസ് ക്യൂറി റിപ്പോർട്ട് പരസ്പരവിരുദ്ധം
ഒറ്റനോട്ടത്തിൽ പരസ്പരവിരുദ്ധവും യുക്തിവിരുദ്ധവുമാണ് അമിക്കസ് ക്യൂറി റിപ്പോർട്ടെന്ന് എം.എ. ബേബി പറഞ്ഞു. ദേശീയ ജല കമ്മിഷൻ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് അധികമായി പെയ്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന്. ഏറ്റവും കൂടുതൽ വെള്ളം തുറന്നുവിട്ടത് തെന്മല ഡാമിൽ നിന്നാണ്. എന്നിട്ടും കൊല്ലം ജില്ലയിൽ പ്രത്യാഘാതം ഉണ്ടായില്ല. കൂടുതൽ മഴ പെയ്ത സ്ഥലങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. എന്തുകൊണ്ടാണ് അമിക്കസ് ക്യൂറിക്ക് ഇതൊന്നും മനസിലാവാത്തത്. ഇത്തരം ദേശീയദുരന്തങ്ങൾ ചർച്ച ചെയ്യേണ്ടത് തന്നെയാണ്. എന്നാൽ ഇത് രാഷ്ട്രീയലക്ഷ്യത്തോടെ ഉപയോഗിക്കരുതെന്നാണ് പറയാനുള്ളത്. 1924ൽ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽതന്നെയാണ് ഇപ്പോഴും ഉണ്ടായത്. അന്ന് ഡാമുകൾ അധികമില്ലെന്നും ബേബി പറഞ്ഞു.