rain-an-wind

വീടിന്റ മുകളിലേക്ക് തെങ്ങ് വീണ നിലയിൽ.

ചാവക്കാട്: തീരദേശ മേഖലയായ ഒരുമനയൂർ, വട്ടേക്കാട്, അടിത്തിരുത്തി, കറുകമാട്, കടപ്പുറം അഞ്ചങ്ങാടി മേഖലയിലും ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വൻ നാശ നഷ്ടം. നിരവധി തെങ്ങുകളും മറ്റ് വലിയ വൃക്ഷങ്ങളും വൈദ്യുതി ലൈനുകളും നിലം പൊത്തി. ചേറ്റുവ ദേശീയ പാത 17ൽ ഡീലക്സ് ഹോട്ടലിന്റെ മുകളിലേക്കു വലിയ പൂമരം കടപുഴകി വീണതിന് തുടർന്ന് കടയുടെ ബോർഡുകളും ഭക്ഷണം കഴിക്കാൻ വന്നവരുടെ വണ്ടികൾക്കും കേടുപാട് സംഭവിച്ചു. മരത്തിന്റെ അടിയിൽ ഉണ്ടായിരുന്ന ഇക്കോ ഗാർഡൻ, ഷാ ഓഡിറ്റോറിയത്തിന്റ കണ്ണാടി ചില്ലുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചു. ചേറ്റുവ സ്കൂളിന് പുറകുവശം ഉള്ള പുതിയവീട്ടിൽ കുറുപ്പത്ത് അബ്ദുൾജബ്ബാറിന്റെ വീട്ടു മുറ്റത്ത് ഉണ്ടായിരുന്നു വലിയ മരം വീടിനോട് ചേർന്ന് വീണു. തൊട്ടടുത്ത പണിക്കവീട്ടിൽ കബീറിന്റെ വീടിന്റെ മുകളിലേക്കു തെങ്ങു വീണു. ചേറ്റുവ ജുമാ അത്ത് പള്ളിക്ക് പുറകിലുള്ള നാലകത്തു അബ്ദുൽഖാദർ ഹാജിയുടെ വീടിന്റ മുകളിലേക്ക് തെങ്ങു വീണു. കെ.പി.ആർ നഗറിനടുത്ത കൊക്കാന്തറ കുറുമ്പയുടെ വീടിനു മുകളിലേക്കും വലിയ പ്ലാവ് വീണു. പല ഭാഗങ്ങളിലും മരങ്ങൾ വീണതിന് തുടർന്ന് നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചേറ്റുവ കടവിലുണ്ടായിരുന്ന വലിയ പൂമരം വൈദ്യതി ലൈനിലേക്ക് വീണതിനാൽ ചേറ്റുവ പരിസരം ഇരുട്ടിലായി.