ചാലക്കുടി: ഇന്നും തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾ അനുഗ്രഹം വാങ്ങാനെത്തും, അവരിൽ എല്ലാ പാർട്ടിയിൽപെട്ടവരുമുണ്ടാകും. ആരുടെ നേർക്കും മുഖം തിരിക്കാറില്ല. എന്നാൽ തന്റെ ആശയവും ചിന്താഗതിയും എല്ലാവർക്കും പകൽപോലെ അറിയാമെന്ന് ദാമോദരേട്ടന് അറിയാം. മേലൂരിന്റെ സ്വന്തം ശബ്ദമാണിത്. എന്നുവച്ചാൽ അവരുടെ എല്ലാമെല്ലാമായ കെ.എസിന്റെ. പ്രായം തൊണ്ണൂറ്റിയാറിൽ എത്തിയെങ്കിലും അടിയുറച്ച ആ കമ്മ്യൂണിസ്റ്റുകാരനിൽ ഇന്നും വിപ്ലവാവേശം കൊടിപിടിച്ചു നിൽക്കുന്നു. പരിയാരം കർഷക സമരം, ആദ്യകാല രാഷ്ട്രീയ പ്രവർത്തനം എല്ലാം കുന്നപ്പിള്ളിയിലെ വീട്ടിലിരുന്ന് അയവിറക്കുകയാണ് കോച്ചേരി വീട്ടിൽ ദാമോദരൻ.
പ്രസിഡന്റായും പ്രതിപക്ഷത്തെ അമരക്കാരനുമായെല്ലാം കെ.എസിന്റെ പ്രാഗത്ഭ്യം വർഷങ്ങളോളം മേലൂർ പഞ്ചായത്ത് അനുഭവിച്ചറിഞ്ഞിരുന്നു. അതൊക്കെയൊരു കാലമായിരുന്നു. വീടും വീട്ടുകാരെയും ഉപേക്ഷിച്ചൊരു ജനസേവനം. കെ.എസിന്റെ ഓർമ്മകൾക്ക് പത്തരമാറ്റിന്റെ തിളക്കം.
പരിയാരം കർഷക സമരം, ആനമല കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ രൂപീകരണം എന്നിവയെല്ലാം ഈ വിപ്ലവകാരിക്ക് ഇന്നലത്തെ സംഭവങ്ങൾ പോലെ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം, പിളർപ്പിന് ശേഷം സി.പി.എമ്മിലെ അമരക്കാരനായി നിന്നുള്ള സംഘാടനം..... ഇവയെല്ലാം വീട്ടിലെ ചാരുകസേരയിലിരുന്ന് അദ്ദേഹം വിവരിച്ചു. കാളവണ്ടിയിലെ ഇലക്ഷൻ പ്രചാരണം, ആളുകളെ കവലകളിൽ വിളിച്ചുകൂട്ടി ഉച്ചഭാഷിണിയില്ലാത്ത പ്രസംഗം എന്നിവയെല്ലാം ഓർത്തെടുക്കുമ്പോൾ കെ.എസ് വാചാലനായി.
കുറച്ചുകാലമായി വോട്ട് ചെയ്യാൻ പോകാറില്ല, തനിയെ നടക്കാനുള്ള പ്രയാസമാണ് തടസം. എങ്കിലും നിവൃത്തിയില്ലാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരിക്കൽകൂടി വൈവിരലിൽ മഷി പുരട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഇനിയതിന് സാദ്ധ്യമാകുമോയെന്ന് അദ്ദേഹം ആത്മഗതം പോലെ ചോദിക്കുന്നു. ഇപ്പോഴും പത്രം വായനയും മറ്റും മുറ പോലെ നടക്കുന്നു. ജീവിതശൈലി രോഗങ്ങൾ ഈ കമ്മ്യൂണിസ്റ്റുകാരനെ തളർത്തുന്നുണ്ട്.. ഇതുകൊണ്ട് തന്നെയാണ് ആ ഓർമ്മകൾ പോലും ഇന്നും നിലാവായി തിളങ്ങുന്നത്.