കൊടുങ്ങല്ലൂർ: ചാലക്കുടി മണ്ഡലത്തിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥി അഡ്വ. സുജ ആന്റണി നാമനിർദേശ പത്രിക സമർപ്പിച്ചു. കാക്കനാട് കളക്ടറേറ്റിലെത്തിയാണ് വാരണാധികാരി മുൻപാകെ പത്രിക സമർപ്പിച്ചത്. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. സുജ ആന്റണി കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഇരിങ്ങാലക്കുട കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്യുന്നതിനൊപ്പം വൈവിദ്ധ്യമാർന്ന സമൂഹം സാമൂഹിക പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന സുജ ആന്റണി, അൺ എയിഡഡ് സ്കൂൾ അദ്ധ്യാപകരുടെ അവകാശങ്ങൾക്ക് വേണ്ടിയും കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി നിവാസികളുടെ സമരത്തോടൊപ്പവും ചെങ്ങറ സമരത്തിന്റെ ഐക്യദാർഢ്യം പ്രവർത്തനത്തിലും തീരദേശ ഹൈവേ സ്വകാര്യവത്കരണത്തിനെതിരായ സമരത്തിലും സജീവമായ പങ്കു വഹിച്ചിട്ടുണ്ട്.

മദ്യവിരുദ്ധ ജനകീയ സമിതിയുടെ ജോയിന്റ് സെക്രട്ടറി, മഹിളാ സാംസ്കാരിക സംഘടന ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവും, സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന ലീഗൽ സെൽ അംഗം എന്നീ നിലകളിലും അഴീക്കോട്- മുനമ്പം ജങ്കാർ സമരത്തിലും സജീവമായി പ്രവർത്തിച്ചുവരുന്നു. എറണാകുളം മഹാരാജാസ്, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ബി.എഡ് എടുത്ത് ആറ് വർഷം അദ്ധ്യാപികയായി ജോലി ചെയ്ത ശേഷമാണ് ലോ കോളേജിൽ നിന്നും എൽ.എൽ.ബി പൂർത്തിയാക്കിയത്. സുജ മത്സരിക്കുന്ന

ചാലക്കുടിക്ക് പുറമെ 9 മണ്ഡലങ്ങളിലും, രാജ്യത്തിന്റെ 21 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടെ 119 സീറ്റുകളിൽ എസ്.യു.സി.ഐ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്