pooppathy-mangalamkulam
പൂപ്പത്തി-മംഗലംകുളം ജലസേചനപദ്ധതിയുടെ മോട്ടോർ ഷെഡും കുളവും

മാള: ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായി പൂപ്പത്തി-മംഗലംകുളം ജലസേചന പദ്ധതി നിത്യ നിദ്ര‌യിൽ. ജലസേചന വകുപ്പും അവർക്ക് ഒത്താശയായി നിന്ന ഭരണകൂടവും തല്ലിത്തകർത്തത് ഒരു നാടിന്റെ പ്രതീക്ഷ. പൂപ്പത്തി ഗ്രാമത്തിൽ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന അവസരത്തിൽ ബന്ധപ്പെട്ടവരെ ശപിച്ച് നിസഹായാവസ്ഥയിൽ കഴിയുകയാണ് നാട്ടുകാർ.

ചെറുകിട ജലസേചന വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ചിട്ടും തുള്ളി വെള്ളം പോലും ലഭ്യമാക്കാതെയാണ് പദ്ധതി അവസാനിപ്പിച്ചത്. പദ്ധതിക്ക് ആവശ്യമായ ഫണ്ട് പൂർണമായി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ പത്ത് വർഷം മുമ്പ് മണ്ണിനടിയിൽ സ്ഥാപിച്ച പൈപ്പുകൾ പമ്പിംഗ് നടത്തിയപ്പോൾ തന്നെ പൊട്ടിത്തകർന്നു.
തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പദ്ധതി പ്രാവർത്തികമാക്കാനായില്ല. 1997 ൽ തുടക്കമിട്ട പൂപ്പത്തി-മംഗലംകുളം പദ്ധതി പൂർത്തീകരിച്ചിട്ടും വെള്ളം കിട്ടാതെ അവസാനിപ്പിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പാണ് ജലസേചന വകുപ്പ് ഈ പദ്ധതി ഔദ്യോഗികമായി അവസാനിപ്പിച്ചത്. മംഗലംകുളത്തിലേക്ക് വെള്ളമെത്തിക്കാൻ സ്ഥിരമായ മാർഗം പോലും ഇല്ലാതെ ഉദ്യോഗസ്ഥർ സ്വന്തം താല്പര്യത്തിനനുസരിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.

പൂപ്പത്തി മേഖലയിലെ 450 ഏക്കറിലധികം സ്ഥലത്തെ കാർഷിക ആവശ്യത്തിന് പുറമെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും സാധിക്കുമായിരുന്ന പദ്ധതിയാണ് വെള്ളത്തിലായത്. പദ്ധതി നടപ്പിലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ഇരു മുന്നണികളും മാറിമാറി വന്നിട്ടും പൂപ്പത്തി - മംഗലംകുളം പദ്ധതി കുളമായി കിടക്കുകയാണ്. ഇപ്പോൾ അനാഥമായി കിടക്കുന്ന പദ്ധതിക്ക് ബദൽ വേണമെന്ന ആവശ്യം ശക്തമായി. ഇക്കാര്യമെങ്കിലും ഭരണകൂടം ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ചാലക്കുടി പുഴയിൽ നിന്ന് വെള്ളം കായലിലേക്ക് ഒഴുകിപ്പോകുന്നത് പൊയ്യ പഞ്ചായത്തിലെ അതിർത്തി പ്രദേശത്തിലൂടെയാണ്.

കണക്കൻകടവിലെ സ്ഥിരം തടയണയുടെ തകരാർ പരിഹരിച്ച് ജലവിതാനം നിലനിറുത്തിയാൽ പദ്ധതിക്ക് ആവശ്യമായ വെള്ളം എത്തിക്കാം. എന്നാൽ അധികൃതർ ഇക്കാര്യത്തിൽ കാര്യമായ പരിഗണന നൽകിയിട്ടില്ല. രണ്ട് പതിറ്റാണ്ടിന് ശേഷം മണ്ഡലത്തിൽ കാര്യമായ ജലസേചന പദ്ധതികളൊന്നും പുതുതായി നടപ്പാക്കിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പല പദ്ധതികളും പൂർണമായി പ്രവർത്തന സജ്ജമല്ല. പ്രളയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ജലസേചന പദ്ധതികൾ പൂർണമായി പ്രവർത്തിപ്പിക്കാൻ അധികൃതർക്കായില്ല. ..