crime

തൃശൂർ: ചിയ്യാരത്ത് മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം താമസിച്ചിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥിനി നീതുവിനെ (22) കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചും കൊന്ന കേസിൽ പെൺകുട്ടിയുടെ കാമുകനും അമേരിക്കൻ ഐ.ടി കമ്പനിയുടെ എറണാകുളത്തെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ നിതീഷിനെ (27) തൃശൂർ സി.ജെ.എം കോടതി (ഒന്ന്) ആറു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിതീഷിന്റെ ബന്ധുക്കളും കൂട്ടുകാരും കോടതിയിലെത്തിയെങ്കിലും ആർക്കും മുഖം കൊടുത്തില്ല.

മറ്റൊരാളുമായി സ്‌നേഹബന്ധമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് നീതുവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് നിതീഷിന്റെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്

നീതു തന്നിൽ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതൽ നിതീഷ് സംശയിച്ചിരുന്നു. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ പലപ്പോഴും വഴക്കിട്ടു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കിൽ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓൺലൈൻ വഴി വാങ്ങിയ മൂർച്ചയുള്ള കത്തിയും ഒരു കുപ്പിയിൽ പെട്രോളും മറ്റൊരു കുപ്പിയിൽ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.

തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലർച്ചെ നിതീഷ് എത്തിയപ്പോൾ നീതു വാതിൽ തുറന്നുകൊടുത്തു. ഇരുവരും തമ്മിൽ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. രാവിലെ 6.30ന് വീട്ടിൽ നിന്ന് പിറകുവശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടർന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്റൂമിലായിരുന്നു.

മുറിയിൽ കണ്ട നീതുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി. മുറിയിൽ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

പൊലീസ് കസ്റ്റഡിയിൽ മകനെ കാണാനെത്തിയ അമ്മ രത്നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്പിട്ടിരുന്ന ഇയാൾ ഒടുവിൽ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.


മൃതദേഹം സംസ്കരിച്ചു

പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ ചിയ്യാരത്തെ വീട്ടിലെത്തിച്ച നീതുവിന്റെ മൃതദേഹം ഒരുനോക്കു കാണാൻ ഒട്ടേറെപ്പേരെത്തി. പതിനൊന്നോടെ പാറമേക്കാവ് ശാന്തിഘട്ടിൽ നീതുവിന്റെ മൃതദേഹം സംസ്‌കരിച്ചു.