തൃശൂർ: രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ഭരിക്കുന്നതെന്ന് സി.പി.ഐ സെക്രട്ടറി ഡി. രാജ എം.പി പറഞ്ഞു. ഇന്ത്യൻ പാർലമെന്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംഘടിപ്പിച്ച സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു ഡി. രാജ. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

മോദി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ മാവോയിസ്റ്റുകളെന്നോ രാജ്യദ്രോഹികളെന്നോ മുദ്രകുത്തി ജയിലിലടയ്ക്കുകയാണ്. കോളേജ് വിദ്യാർത്ഥികൾ മുതൽ ബുദ്ധിജീവികൾ വരെയുള്ളവരെ മോദി സർക്കാർ ജയിലിലടച്ചു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് രാജിനൊപ്പം നിലയുറപ്പിച്ചിരുന്ന ആർ.എസ്.എസിനാണ് രാജ്യദ്രോഹികളുടെ പാരമ്പര്യമുള്ളത്. കർഷകരുടേതടക്കം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനോ പരിഹാരം കാണാനോ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായിട്ടില്ല.

പാർലമെന്റിലും പുറത്തും ഒരു ചർച്ചയ്ക്കും മോദി തയ്യാറായില്ല. 'ഒരു രാജ്യം, ഒരേയൊരു നേതാവ്' എന്ന മുദ്രാവാക്യമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മോദിയെ മുന്നിൽനിറുത്തി ഭരണം നടത്തുന്നത്. ബി.ജെ.പി അധികാരത്തിലുണ്ടാകുമ്പോഴെല്ലാം ആർ.എസ്.എസ് അക്രമാസക്തരാകുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ ഉണ്ടായത് അതുകൊണ്ടാണെന്നും ഡി. രാജ ആരോപിച്ചു. ഡോ. എം.എൻ. സുധാകരൻ മോഡറേറ്ററായിരുന്നു. പി. ചിത്രൻ നമ്പൂതിരിപ്പാട്, കെ. സത്യനാഥൻ, കെ.പി. രാജേന്ദ്രൻ, പി. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു...