തൃശൂർ: മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വിഭിന്നമായി ജയിക്കുമെന്ന ആത്മവിശ്വാസമാണ് ഉള്ളതെന്ന് ആലത്തൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസ്. പിന്നാക്കക്കാരുടെ പേരിൽ പാർലമെന്റിലെത്തിയ പി.കെ. ബിജു അവർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. താൻ എം.പിയായാൽ പിന്നാക്കക്കാരുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ബാബു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസ് ക്‌ളബ് ഒരുക്കിയ രാഷ്ട്രീയം പറയാം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
മണ്ഡലത്തിലെ വികസനത്തിന് സിറ്റിംഗ് എം.പിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.കെ. ബിജു ഒന്നും ചെയ്തില്ലെന്ന് രമ്യ ഹരിദാസും എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ബാബുവും ആരോപിച്ചു.
സി.പി.എം അപവാദ പ്രചാരണത്തിന് ശ്രമിച്ചെങ്കിലും ആലത്തൂർ മണ്ഡലത്തിലെ എല്ലാ വോട്ടർമാരും തന്നെ പിന്തുണയ്ക്കും. എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ മോശമായ പരാമർശം നടത്തിയത് വേദനിപ്പിച്ചു. പൊലീസ് ഉചിതമായി അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചോദ്യത്തിന് മറുപടിയായി രമ്യ പറഞ്ഞു. മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ തുടങ്ങിവച്ച വികസന പദ്ധതികളുടെ തുടർച്ചയാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ പരിചയസമ്പന്നത ആലത്തൂർ മണ്ഡലത്തിൽ കാഴ്ചവയ്ക്കും.
പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വികസനത്തിന് പദ്ധതിയുണ്ടാക്കും. തൊഴിൽ ലഭിക്കാനുള്ള അഭിമുഖങ്ങളിൽ മികവ് നേടാനുള്ള പരിശീലനം നൽകാൻ വൈബ്രന്റ് കേന്ദ്രം ആരംഭിക്കും. മണ്ഡലത്തിലെ തൊഴിലന്വേഷകർക്ക് ഇത് പ്രയാജനം ചെയ്യും. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ സംഭരണ വിപണന കേന്ദ്രങ്ങൾ തുടങ്ങും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉണ്ടാക്കണം. കുടിവെള്ളവും ജലസേചനത്തിനും വെള്ളം എത്തിക്കാൻ കർഷകർ, പ്രത്യേകിച്ച് സ്ത്രീകൾ കഷ്ടപ്പെടുകയാണെന്നും രമ്യ പറഞ്ഞു.
തമിഴ്‌നാടിന് വിട്ടുകൊടുത്തു കൊണ്ടിരിക്കുന്ന പറമ്പിക്കുളം ആളിയാർ പദ്ധതിയിലെ വെള്ളം കേരളത്തിന് ലഭ്യമാക്കാൻ കരാർ പുതുക്കുന്നതിന് നടപടിയെടുക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ബാബു പറഞ്ഞു. തരിശ് കിടക്കുന്ന ഭൂമിയിൽ സ്വാശ്രയ സംഘങ്ങളെക്കൊണ്ട് ജൈവകൃഷി നടത്തുന്ന പദ്ധതി നടപ്പാക്കും. ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടി ദീർഘദൂര ട്രെയിനുകളിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ മണ്ഡലത്തിൽ സ്റ്റോപ്പ് അനുവദിപ്പിക്കും. കുതിരാനിലെ കുരുക്കഴിക്കാനുള്ള നടപടി സ്വീകരിക്കും. രണ്ടു തവണ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസമ്പത്ത് മണ്ഡലത്തിനായി പ്രയോജനപ്പെടുത്തുമെന്നും ബാബു പറഞ്ഞു. ഒടുവിൽ ഒരു പാട്ടുംപാടിയാണ് രമ്യ പ്രസ് ക്‌ളബ് വിട്ടത്. ഇവിടെയുള്ള ആരെങ്കിലും ആലത്തൂർ മണ്ഡലത്തിലെ വോട്ടർമാരാണെങ്കിൽ എനിക്ക് വോട്ടു ചെയ്യണേ എന്ന അഭ്യർത്ഥനയും ഇരുവരും നടത്തുകയും ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുകേഷ് ലാൽ സ്വാഗതം പറഞ്ഞു.