മാള: കെ. കരുണാകരൻ സ്മാരക മാള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധനാ സമയത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം തർക്കത്തിനിടയാക്കുന്നു. ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥയിലാണ് സർക്കാരിന്റെ ഈ നിർദേശം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സർക്കാർ നിർദ്ദേശ പ്രകാരം നാല് ഡോക്ടർമാർ സേവനം ചെയ്യുന്ന ആശുപത്രിയിൽ ഒ.പി സമയം വൈകീട്ട് ആറ് വരെയാക്കണം.
ഇവിടെ കണക്കിൽ നാല് ഡോക്ടർമാർ ഉണ്ടെങ്കിലും ഫലത്തിൽ മൂന്നാണ്. ഒരു ഡോക്ടർ ജോലിയിൽ പ്രവേശിച്ചത് മുതൽ തുടർച്ചയായി അവധിയിലാണ്. ഇവിടെയുണ്ടായിരുന്ന ഒരു ഡോക്ടറെ മാറ്റിയാണ് ഇവർ ചുമതലയേറ്റത്. വൈകീട്ട് ആറ് വരെ ഡോക്ടർമാർ ഒ.പിയിൽ ഉണ്ടായാൽ പോലും ഫാർമസിയില്ലാത്തത് രോഗികൾക്ക് തിരിച്ചടിയാകും. ഇപ്പോഴത്തെ നിലയിൽ വൈകിട്ട് മൂന്ന് വരെയാണ് ഫാർമസി പ്രവർത്തിക്കുന്നത്.
ഫാർമസിയും ഒ.പിയുടെ സമയത്തിനനുസരിച്ച് ദീർഘിപ്പിച്ചാൽ മാത്രമേ ഇവിടെ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികൾക്ക് പ്രയോജനം ലഭിക്കൂ. ഡോക്ടർമാരുടെ ഒ.പി. സമയം വൈകീട്ട് ആറ് വരെയാക്കി ആരോഗ്യവകുപ്പ് നിർദേശം ഉണ്ടെങ്കിലും അത് നടപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യം ഉന്നയിക്കാൻ ആശുപത്രി വികസന സമിതി യോഗം വിളിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ട് പ്രശ്നം ഉന്നയിക്കുമെന്നും മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അറിയിച്ചു...