തൃശൂർ: ടാങ്കർ ലോറികളിൽ ശുദ്ധജല വിതരണം നടത്തുന്നവർ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. കുടിവെള്ളം ശേഖരിക്കുന്ന സ്രോതസുകൾ വൃത്തിയുള്ളതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായിരിക്കണം. വാണിജ്യാടിസ്ഥാനത്തിൽ കുടിവെള്ളം വിൽപ്പന നടത്തുന്ന ഉടമകൾ ഭക്ഷ്യസുരക്ഷാ ലൈസൻസ് കരസ്ഥമാക്കണം. വിൽപ്പനയുടെ രജിസ്റ്റർ സൂക്ഷിക്കണം.
ലൈസൻസ് ഇല്ലാതെ വിൽപ്പന നടത്തിയാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറുമാസം തടവും അനുഭവിക്കേണ്ടി വരും. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കുകളിൽ അണുനാശിനികൾ ഉപയോഗിക്കാൻ പാടില്ലെന്നും അസി. കമ്മിഷണർ ജി. ജയശ്രീ മുന്നറിയിപ്പ് നൽകി. പരിശോധന കർശനമാക്കാൻ എല്ലാ ഫുഡ് സേഫ്‌റ്റി ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8943346188.
ലൈസൻസിന് വേണ്ട രേഖകൾ
ടാങ്കർ ലോറികളിലോ, ഫൈബർ ടാങ്കറുകളിലോ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസ് ഹാജരാക്കണം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, വെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നി രേഖകൾ സഹിതം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.