കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാന മഹായജ്ഞം ആരംഭിച്ചു. വിവിധ ഹൈന്ദവ സംഘടനകളെ സഹകരിപ്പിച്ച് രൂപം നൽകിയ അന്നദാന യജ്ഞ സമിതി നടത്തുന്ന അന്നദാന മഹായജ്ഞം ഭരണി മഹോത്സവത്തിനെത്തുന്ന രണ്ട് ലക്ഷം പേർക്കെങ്കിലും ആശ്വാസമേകും. ഇന്നും നാളെയും പ്രാതൽ അടക്കം മൂന്ന് നേരങ്ങളിലും അന്നദാന പന്തലിലെത്തുന്ന മുഴുവൻ പേർക്കും സൗജന്യമായി ഭക്ഷണം വിളമ്പുന്ന മഹായജ്ഞം ആർ.എസ്.എസ് പ്രാന്ത പ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സേവനം ചെയ്യുകയെന്നത് മനുഷ്യരുടെ കർത്തവ്യത്തിന്റെ ഭാഗമാണെന്നും തന്നെ കുറിച്ച് മാത്രം ചിന്തിക്കാതെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുക എന്ന സന്ദേശമാണ് സേവാഭാരതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ തമ്പുരാൻ രാമവർമ്മ രാജ, സമിതി ചെയർമാൻ രാമൻകുട്ടി നായർ എന്നിവർ ഭദ്രദീപം തെളിച്ചു. അന്നദാനയജ്ഞ സമിതി ജന. കൺവീനർ സജീവൻ പറപറമ്പിൽ സ്വാഗതമാശംസിച്ചു. വർക്കിംഗ് ചെയർമാൻ റിട്ട. മേജർ ജനറൽ പി. വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, തയ്യപ്പറമ്പിൽ ഗോപാലൻ കുട്ടി മാസ്റ്റർ എന്നിവരെ ആദരിച്ചു. ആർ.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, അന്നദാന സമിതി വർക്കിംഗ് ചെയർമാൻ അഡ്വ.എം. ത്രിവിക്രമൻ അടികൾ, സത്യധർമ്മൻ അടികൾ എന്നിവർ സംബന്ധിച്ചു. ഇന്നത്തെ അന്നദാനം രാവിലെ 9 ന് സിനിമാതാരം സലിം കുമാർ ഉദ്ഘാടനം ചെയ്യും.