kdr
കുരുംബക്കാവിലെത്തിയ കോമരങ്ങൾ.

കൊടുങ്ങല്ലൂർ: മീനമാസത്തിലെ രേവതി നാളിൽ അനുഭവപ്പെട്ടത് വൻ ഭക്തജന തിരക്ക്. കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമുള്ള രണ്ട് നാളുകളിലൊന്നായ രേവതി ഇന്നാണെന്ന് കരുതി ക്ഷേത്രാങ്കണത്തിലും പരിസര പ്രദേശങ്ങളിലും രേവതി നാളിലെ ആരവമായിരുന്നു. ജനസഹസ്രങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്.

ഇന്ന് വൈകീട്ടാണ് രേവതി വിളക്ക്. രേവതി നാളിലെ സായാഹ്നമാകുമ്പോഴേക്കും ഭക്തർ ക്ഷേത്രാങ്കണത്തിലും പരിസരത്തുമായി തമ്പടിച്ച് രേവതി വിളക്കും ദർശിച്ച് പുലർച്ചെ കടലിൽ കുളിച്ച് ശുദ്ധി വരുത്തി ക്ഷേത്രാങ്കണത്തിൽ തിരികെയെത്തി അശ്വതി നാളിലെ കാവ് തീണ്ടലിൽ പങ്കു കൊള്ളും. ഇന്നലെയെത്തിയവർക്ക് നാളെയേ അശ്വതി കാവ് തീണ്ടലിൽ പങ്കെടുക്കാനാകൂ. ചെമ്പട്ടുടുത്ത് കച്ചകെട്ടി, അരമണിയും ചിലമ്പുമണിഞ്ഞ് പള്ളിവാളേന്തി ഉറഞ്ഞു തുള്ളുന്ന കോമരങ്ങളെത്താൻ തുടങ്ങിയതോടെ ഇന്നലെ രാവിലെ മുതൽ ക്ഷേത്രാങ്കണത്തിന് രൗദ്രഭാവമായി. മുളം തണ്ടാൽ താളമിട്ട് തന്നാരം പാടി ആടി തിമിർക്കുന്ന സംഘങ്ങൾക്കൊപ്പം കോമരങ്ങളും വെളിച്ചപ്പാടന്മാരും ഉറഞ്ഞു തുള്ളി, ഉടവാളാൽ നെറ്റിപിളർത്തി, നിണമൊഴുക്കിയാണിവർ ഭക്തിയുടെ രൗദ്രത പ്രകടമാക്കുന്നത്.
ഇക്കുറി കോഴിക്കല്ല് മൂടൽ ചടങ്ങ് പൂർത്തിയായത് മുതൽ ക്ഷേത്രത്തിലേക്ക് അമ്മമാരും കുട്ടികളുമടക്കമുള്ള ഭക്തജനങ്ങളുടെ പ്രവാഹമാരംഭിച്ചിരുന്നു. മഞ്ഞൾപൊടി, കുരുമുളക്, നെല്ല്, അരി, പൂവൻകോഴി എന്നിവയാണ് ഇവർ ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിക്കുക. തിരികെ മടങ്ങുന്ന വിശ്വാസികൾക്ക് ലഭ്യമാക്കാൻ പാകത്തിൽ ക്ഷേത്രാങ്കണത്തിന് പുറത്തെ റോഡരികിലും മറ്റും ചെമ്മീനും മറ്റു മത്സ്യങ്ങളും ഉണക്കി, കറിവെക്കാൻ പാകത്തിലാക്കി വിൽപ്പന നടത്തുന്ന സ്റ്റാളുകളാൽ നിറഞ്ഞിരിക്കുകയാണ്. ഇതിന് പുറമെ, കൊടുങ്ങല്ലൂരിന്റെ തനത് വിഭവങ്ങളായ തഴപ്പായ, ഉഴുന്നുവട, പൊരി എന്നിവയുടെ വിപണനവും അരങ്ങ് തകർക്കുന്നുണ്ട്.