മാള: അസാദ്ധ്യമെന്ന് കരുതിയതെല്ലാം ശ്രീനാരായണീയ സമൂഹത്തിന്റെ സഹകരണത്തോടെ സാദ്ധ്യമാക്കുന്ന മാളയിലെ ഗുരുധർമ്മ ട്രസ്റ്റ് വേറിട്ട മാതൃകയാകുന്നു. സ്വാശ്രയത്വം, ആരോഗ്യ രക്ഷ എന്നിവയ്‌ക്കൊപ്പം പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ പദ്ധതികളുമായാണ് ട്രസ്റ്റ് ഒരു 'മാള മാതൃക" സൃഷ്‌ടിക്കാനൊരുങ്ങുന്നത്.
നേതൃഗുണവും മികവുറ്റ പ്രവർത്തന ശൈലിയുമായി, കഴിഞ്ഞ 20 വർഷം കരുതലോടെ ഓരോപടവും കയറുകയായിരുന്നു ഈ പ്രസ്ഥാനം. ട്രസ്‌റ്റിന്റെ ദീർഘവീക്ഷണ പദ്ധതികൾക്ക് ഉറച്ച പിന്തുണയുമായി ആയിരക്കണക്കിന് ശ്രീനാരായണീയരാണ് ഭരണസമിതിക്കൊപ്പം കൈകോർത്തത്. പലതുള്ളി പെരുവെള്ളമെന്ന നിലയിൽ ലോകമെമ്പാടുമുള്ള ശ്രീനാരായണീയർ കൈ കോർത്തപ്പോൾ മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് ഒരു മാതൃകാസ്ഥാപനമായി മാറി. വിജയത്തിന്റെ പടവുകൾ കയറാൻ ശ്രീനാരായണീയർക്കൊപ്പം ഇതര വിഭാഗക്കാരും വലിയ പിന്തുണയും വിശ്വാസവും അർപ്പിച്ചു.
വികസന പദ്ധതികൾക്കൊപ്പം ശ്രീനാരായണീയ ദർശനം സമൂഹത്തെ പഠിപ്പിക്കുകയെന്ന ദൗത്യവും ട്രസ്‌റ്റ് ഏറ്റെടുത്തിട്ടുണ്ട്. ''സംഘടിച്ച് ശക്തരാവുക, വിദ്യ കൊണ്ട് പ്രബുദ്ധരാവുക"" എന്ന ഗുരുദേവ അരുൾ നെഞ്ചേറ്റിയ ഗുരുദേവ ഭക്തരുടെ ഈ കൂട്ടായ്മ 1998ലാണ് രൂപീകരിച്ചത്. ഗുരുധർമ്മ ട്രസ്റ്റിന് അനുബന്ധമായി ഗുരുധർമ്മം ചിറ്റ്‌സ് ലിമിറ്റഡ്, ഗുരുധർമ്മം നിധി ലിമിറ്റഡ്, ഗുരുധർമ്മം ഫിൻകോർപ് എന്നിവയ്ക്ക് പുറമേ, സ്വപ്‌ന പദ്ധതിയായ ഗുരുധർമ്മം മിഷൻ ആശുപത്രി കൂടി യാഥാർത്ഥ്യമാവുകയാണ്. ഇതിനൊപ്പം തന്നെ ശ്രീനാരായണീയരുടെ കൂട്ടായ്‌മയിലൊരു ട്രേഡിംഗ് കമ്പനിക്ക് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് ട്രസ്‌റ്റ്.
തിലകക്കുറിയായി ഗുരുധർമ്മം
മിഷൻ ആശുപത്രി
ഗുരുധർമ്മ ട്രസ്‌റ്റിന് തിലകക്കുറിയായി മാറുന്ന ഗുരുധർമ്മം മിഷൻ ആശുപത്രി എട്ട് നിലകളിലാണ് വിഭാവനം ചെയ്യുന്നത്. എൻ.എ.ബി.എച്ച് നിലവാരത്തിലുള്ള ആശുപത്രിയുടെ നിർമ്മാണം മാളയുടെ ഹൃദയഭാഗത്താണ് പുരോഗമിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാതെ പൂർണമായി ജനങ്ങളിൽ നിന്നുള്ള ഓഹരികളാണ് ആശുപത്രിക്കായി സമാഹരിച്ചത്.
ആധുനിക സ്‌പെഷ്യാലിറ്റി സംവിധാനങ്ങളും ആദ്യഘട്ടത്തിൽ 120 കിടക്കകളുമായി 40 ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാനാണ് പദ്ധതി. അഞ്ചാം നിലയിൽ എത്തിയ ആശുപത്രിയുടെ നിർമ്മാണം തുടർന്നുകൊണ്ട് തന്നെ ആദ്യഘട്ടം ഉദ്ഘാടനം 2019 പകുതിയോടെ നടക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ( നഴ്‌സിംഗ്, ഫാർമസി, ലാബ്, എക്‌സ്‌റേ തുടങ്ങിയ വിഭാഗങ്ങളിലെ) സാങ്കേതിക വിദഗ്ദ്ധരെ വാർത്തെടുക്കാനുള്ള അനുബന്ധ സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും പദ്ധതിയിടുന്നുണ്ടെന്ന് ചെയർമാൻ പി.കെ. സുധീഷ് ബാബു, സെക്രട്ടറി പി.കെ. സാബു എന്നിവർ പറഞ്ഞു.