തൃശൂർ : നായനാരെ തിരുത്തിയ ജോർജ്ജേട്ടൻ, താൻ അന്ന് എടുത്ത തീരുമാനം ശരിയെന്ന് തന്നെ ഇന്നും വിശ്വസിക്കുന്നു. ചാലക്കുടിയിൽ നിന്ന് രണ്ട് തവണ ജയിച്ച ശേഷം മൂന്നാം തവണ വീണ്ടും മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ മുൻമുഖ്യമന്ത്രി നായനാരോട് സ്‌നേഹപൂർവ്വം നോ പറഞ്ഞ ചങ്കൂറ്റമാണ് സോഷ്യലിസ്റ്റും തൃശൂർ സ്വദേശിയുമായ കെ.ജെ. ജോർജ്ജിനെ വ്യത്യസ്തനാക്കുന്നത്. രണ്ടാം വട്ടം വിജയിച്ചപ്പോൾ മന്ത്രിയാകണമെന്ന് പറഞ്ഞപ്പോഴും അതും സ്‌നേഹപൂർവം നിരസിച്ചു. രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണമെന്ന നിർബന്ധ ബുദ്ധിയായിരുന്നു പിന്മാറ്റത്തിന് കാരണം. സർക്കാർ ജീവനക്കാർക്ക് 56 വയസിലാണ് വിരമിക്കൽ, അത് രാഷ്ട്രീയത്തിലും വേണമെന്ന പക്ഷക്കാരനാണ് അദ്ദേഹം.

ജോർജ്ജേട്ടൻ ഇന്നും ആ വാദത്തിൽ ഉറച്ച് നിൽക്കുന്നു. അന്ന് ചാലക്കുടി സീറ്റ് നഷ്ടമാകാതിരിക്കണമെങ്കിൽ ജോർജ്ജിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഇ.കെ. നായനാർ ജനതാദൾ നേതാവായ ജോർജിനോട് മൂന്നാം വട്ടം മത്സരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് 56 വയസായെന്നും രണ്ട് തവണയിൽ കൂടുതൽ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
അത് ഉറച്ച തീരുമാനമാണെന്ന് മനസിലായതോടെ എൽ.ഡി.എഫ് നേതൃത്വവും അതിന് വഴങ്ങി. ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം ബി.ഡി. ദേവസിയിലൂടെയാണ് എൽ.ഡി.എഫ് സീറ്റ് തിരിച്ചു പിടിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിലാണ് കെ.ജെ. ജോർജ്ജ് ആദ്യമായി എം.എൽ.എയാകുന്നത്. പിന്നീട് വീണ്ടും തൃശൂരിൽ തന്നെ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.കെ. കണ്ണനോട് പരാജയപ്പെട്ടു. അതിനു ശേഷമാണ് ചാലക്കുടിയിൽ മത്സരിക്കുന്നത്. 17 വർഷക്കാലം തൃശൂർ മുനിസിപ്പൽ കൗൺസിലറായിരുന്ന കെ.ജെ. ജോർജ്ജിന് ചെയർമാൻ സ്ഥാനവും ഈ സ്വഭാവം കൊണ്ട് കൂടിയാണ് ലഭിക്കാതിരുന്നത്. ഇപ്പോൾ 84 വയസ് പിന്നിട്ട ജോർജ്ജേട്ടൻ തൃശൂർ ലൂർദ്ദ് പള്ളിക്ക് പിറകു വശത്ത് അനുജൻ കൊച്ചാപ്പുവിന്റെ ഒപ്പമാണ് താമസം. പ്രായത്തിന്റെ അവശതയും അദ്ദേഹത്തെ അലട്ടുന്നുണ്ട്. അവിവാഹിതനാണ്..