വടക്കാഞ്ചേരി: രാഘവേട്ടന് വയസ് 91. തിരഞ്ഞെടുപ്പ് അടുത്താൽ പിന്നെ ചെറുപ്പക്കാരേക്കാൾ ആവേശമാണ്. അരാഷ്ട്രീയ വാദം തലയിലേറ്റുന്ന പുതുതലമുറയ്ക്കുള്ള ഉപദേശം ചോദിച്ചാൽ ഇടതു കൈയിലെ ചൂണ്ടുവിരൽ ഉയർത്തി രാഘവൻ പറയും... 'ഈ മാസം 23ന് വിരൽത്തുമ്പിൽ പതിയാനിരിക്കുന്ന മഷിയടയാളം'

ഈ പഴയ റെയിൽവേ ജീവനക്കാരൻ ഇതുവരെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ട്. അതായത്,​ 14 അസംബ്ലി തിരഞ്ഞെടുപ്പുകളിലും 16 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും. ഏപ്രിൽ 23ന് 17​-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമ്മതിദാന അവകാശം വിനിയോഗിക്കാൻ കാത്തിരിക്കുകയാണ് രാഘവൻ.

21-ാം വയസിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിലായിരുന്നു തന്റെ കന്നിവോട്ടെന്ന് രാഘവൻ ഓർക്കുന്നു. തുടർന്ന് ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാതിരുന്നിട്ടില്ല. ജോലിയിലിരുന്ന കാലത്ത് എവിടെയാണെങ്കിലും എത്ര തിരക്കുണ്ടെങ്കിലും ഒരു വോട്ടും നഷ്ടപ്പെടുത്തിയിട്ടില്ല. രാവിലെ എഴുന്നേറ്റാൽ പത്രവായന. കേരളകൗമുദി ഉൾപ്പെടെ മൂന്ന് പത്രങ്ങൾ വായിക്കും, പിന്നെ രാഷ്ട്രീയ വിശകലനം.

രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്ത രാഘവന് ഇത്തവണത്തെ വിഷയങ്ങളെക്കുറിച്ചും പറയാനുണ്ട്. ശബരിമല പ്രശ്‌നം ഈ തിരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നും വികസനവും വിലക്കയറ്റവും ചർച്ചാ വിഷയമാകുമെന്നുമാണ് അഭിപ്രായം. രാഷ്ട്രീയം പറഞ്ഞ് ആരോടും തർക്കിക്കാനില്ലെങ്കിലും സൗമ്യമായ ഭാഷയിൽ യുവവോട്ടർമാരെ കാര്യങ്ങൾ മനസിലാക്കിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്ന് രാഘവൻ പറയുന്നു.

വിദ്യാസമ്പന്നരും യുവാക്കളും പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ മതേതര മുഖമുള്ള സർക്കാർ അധികാരത്തിലെത്തണമെന്നാണ് രാഘവന്റെ പക്ഷം. റെയിൽവേയിൽ എൻജിനിയറിംഗ് വിഭാഗത്തിൽ ജീവനക്കാരനായിരുന്ന രാഘവൻ അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പോയിട്ടുമുണ്ട്. മകൻ സുധാകരനും സജീവ രാഷ്ടീയ പ്രവർത്തകനാണ്. രാഷട്രീയം ഒരിക്കലും ധനസമ്പാദനത്തിനുള്ള മാർഗ്ഗമാക്കരുതെന്നും, സാമൂഹിക സേവന രംഗത്തേക്ക് യുവാക്കൾ കടന്നു വരണമെന്നും രാഘവൻ പറയുന്നു.