തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ദിവസം വാഹനസൗകര്യമാവശ്യപ്പെട്ട് അപേക്ഷ നൽകിയത് 8291 ഭിന്നശേഷിക്കാർ. ഇത് സംബന്ധിച്ച സൂക്ഷ്മപരിശോധന നടത്തി നടപടികൾ കൃത്യമാക്കാൻ ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. 50 ബൂത്തുകളിൽ വെബ് കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. പൊലീസ് പട്രോളിംഗ് ശക്തമാക്കും. കേന്ദ്രസേനകളെ വിന്യസിക്കും. ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. പൊതു നിരീക്ഷകൻ പി.കെ. സേനാപതി, പൊലീസ് നിരീക്ഷകൻ അമിത്കുമാർ സിൻഹ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ടി. വി. അനുപമ അദ്ധ്യക്ഷത വഹിച്ചു. ജില്ല റൂറൽ, സിറ്റി പൊലീസ് മേധാവികൾ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, നോഡൽ ഓഫീസർമാർ, ഇലക്ട്രികൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എ.ആർ.ഒമാർ, ഇ.ആർ.ഒമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ലഭിച്ചാലുടൻ അത് കുറ്റമറ്റതാണോ എന്ന് പരിശോധിക്കുക. വോട്ടിംഗ് മെഷീനിൽ ഘടിപ്പിച്ച വിവിപാറ്റ്, കൺട്രോൾ യൂണിറ്റ് മുതലായവ പരിശോധിക്കുക തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് നൽകിയത്...